ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം.
തിരുവനന്തപുരം: പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കിവിട്ട് റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു ദിവസം അണക്കെട്ടിൽ പരമാവധി നിലനിർത്താവുന്ന ജലനിരപ്പാണ് റൂൾ ലെവൽ വഴി ശാസ്ത്രീയമായി നിശ്ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം.
കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16