ഫലസ്തീൻ അനുകൂല പരിപാടികൾക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി
ജമാഅത്തെ ഇസ്‌ലാമി അനുവാദം ചോദിച്ചാൽ പരിപാടികൾക്ക് അനുമതി നൽകാറുണ്ടെന്നും അത് മാത്രമാണ് മലപ്പുറത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി: ഫലസ്തീൻ അനുകൂല പരിപാടികൾക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളത്തിൽ നടക്കില്ല. സോളിഡാരിറ്റിയുടെ ഒരുപരിപാടിയിലാണ് ഫലസ്തീനിയൻ പോരാളി എന്നു പറയുന്നയാൾ പ്രസംഗിച്ചത്. ജമാഅത്തെ ഇസ്‌ലാമി അനുവാദം ചോദിച്ചാൽ പരിപാടികൾക്ക് അനുമതി നൽകാറുണ്ടെന്നും അത് മാത്രമാണ് മലപ്പുറത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുടെ യുവജന വിഭാഗമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. അവരുടെ ഒരു പരിപാടി മലപ്പുറത്ത് നടന്നിരുന്നു. ആ പരിപ്പാടിയിലാണ് ഫലസതീനിയൻ പോരാളിയെന്നായാൾ സംസാരിച്ചത്. ജമാഅത്തെ ഇസ്‌ലാമി സാധാരണഗതിയിൽ ഒരു പരിപാടിക്ക് അനുമതി ചോദിച്ചാൽ പൊലീസ് കൊടുക്കാതിരിക്കില്ല. എല്ലാ സംഘടനകളും അനുമതി ചോദിച്ചാൽ സാധാരണ അനുമതി കൊടുക്കുമല്ലോ അങ്ങനെയുള്ള അനുമതിയാണ് ഇവിടെയും നൽകിയത്. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും നമ്മുടെ രാജ്യത്ത് സ്വീകരിക്കുന്ന നിലപാട് ഫലസതീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രകടനങ്ങളും മറ്റും നടക്കുമ്പോൾ അതിന്റെ ഭാഗമായി കേസെടുപ്പിക്കുക എന്നതാണ്. അത് കേരളത്തിൽ നടക്കില്ല' എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് അലങ്കാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ ചില കൂട്ടാളികൾ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞുപിടിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അവർക്കെതിരെയാണ് കേരളം ഒറ്റക്കെട്ടായി പോരാടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16