സംസ്ഥാനത്ത് തുടർഭരണം വന്നതിൽ പ്രതിപക്ഷത്തിന് പകയെന്ന് മുഖ്യമന്ത്രി
പണ്ട് ചില ജനവിഭാഗങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവർ സിപിഎമ്മിനൊപ്പം ചേർന്നു. ഇത് യുഡിഎഫിൽ ഞെട്ടലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊല്ലം: സംസ്ഥാനത്ത് തുടർഭരണം വന്നതിൽ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കരുതി. എന്നാൽ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവർ സിപിഎമ്മിനൊപ്പം ചേർന്നു. ഇത് യുഡിഎഫിൽ ഞെട്ടലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഓഫീസുകൾ നിർമിക്കാൻ പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങളും സാമ്പത്തികമായി പിന്തുണക്കുന്നുണ്ട്. അതാണ് ഈ പാർട്ടിയുടെ ശക്തി. ഇതൊരു നല്ല ചിന്തയാണ്. എന്നാൽ മറ്റുചിലരുണ്ട്, ഈ പാർട്ടി ഇവിടെ നിലനിൽക്കരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. നേരത്തെ കോൺഗ്രസ് സിപിഎമ്മിനെ തകർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് തകർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിട്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. വോട്ടെടുപ്പിന് പോലും ജനങ്ങൾക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. തൃപുരയിൽ കോൺഗ്രസ് ഒന്നടങ്കം ബിജെപിയായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഈ രണ്ടിടങ്ങളിലും സിപിഎമ്മിന് പ്രവർത്തിക്കാനാവുന്നില്ല. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടികൾ ഇതിനെ എതിർക്കുന്നില്ല.
ആക്രമണം സിപിഎമ്മിന് എതിരായതിനാൽ അവർക്ക് മനസുഖം ഉണ്ടാകുന്നു. മാധ്യമങ്ങളും ഇതിനെതിരെ അരയക്ഷരം എഴുതാൻ തയ്യാറാവുന്നില്ല. കോർപറേറ്റ് ശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. കോർപറേറ്റുകൾ ഇടതുപക്ഷത്തെ അലോസരമായി കാണുന്നു. മാധ്യമങ്ങൾ ഈ സംസ്ഥാനങ്ങളിലെ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്നില്ല. കേന്ദ്ര സർക്കാർ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിൽ കാര്യമായി ഇടപെടുന്നു. ഇതിനെതിരെയും മാധ്യമങ്ങൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16