ആലുവ കേസിലെ വിധി കുഞ്ഞുങ്ങളെ അതിക്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി
കുറ്റകൃത്യം ഉണ്ടായ ഉടൻ തന്നെ നിയമ സംവിധാനം കൃത്യമായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
തിരുവനന്തപുരം: ആലുവ കേസിലെ വിധി കുഞ്ഞുങ്ങളെ അതിക്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്ന് മുഖ്യമന്ത്രി. കുറ്റകൃത്യം ഉണ്ടായ ഉടൻ തന്നെ നിയമ സംവിധാനം കൃത്യമായി പ്രവർത്തിച്ചു. റെക്കോർഡ് വേഗത്തിലാണ് വിചാരണ പൂർത്തിയാക്കിയത്. കുട്ടിയുടെ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും, എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
പ്രതി അസഫാഖ് ആലത്തിന് വധ ശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ജീവപരന്ത്യം ശിക്ഷയുമാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ വിധിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസഫാഖ് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ കോടതി ശരിവെച്ചു.
Adjust Story Font
16