മുണ്ടക്കൈ പുനരധിവാസ പദ്ധതി മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും
വ്യാഴാഴ്ച രാവിലെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രാവിലെ 11ന് കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ചാണ് പദ്ധതി പ്രഖ്യാപിക്കുക.
പുനരധിവാസ പദ്ധതിക്ക് നാളെ രാവിലെ മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് വിവരം. കഴിഞ്ഞദിവസം പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാനാണ് തീരുമാനം. രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.
1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. പദ്ധതി രേഖയില്‍ സ്‌പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്‌പോണ്‍സര്‍മാരായി പരിഗണിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. പുനരധിവാസം വേഗത്തിലാക്കാന്‍ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതി അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും. കിഫ്ബി തയ്യാറാക്കിയ 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാനും മേല്‍നോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ.
ഏജന്‍സിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. വീട് വെയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്തതുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 38 സംഘടനകള്‍ ഇതിനകം സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയാണ് കരട് പ്ലാന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്.
Adjust Story Font
16