RSS ബന്ധത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ ആയുധമാക്കുന്നു: ജമാഅത്തെ ഇസ്‍ലാമി
‘ഖലീഫമാർ കുഴപ്പക്കാരാണോയെന്ന് സിപിഎം വ്യക്തമാക്കണം’
കോഴിക്കോട്: ആർഎസ്എസ് ബന്ധത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം സമുദായത്തെ ആയുധമാക്കുകയാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ മുഖ്യമന്ത്രി ആർഎസ്എസിന് കീഴ്പെട്ടുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി. ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിച്ചത് കൂടുതലും ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചാണ്. പ്രതിസന്ധിയുണ്ടാകുമ്പോൾ ജമാഅത്ത് കാപ്സ്യൂൾ ഇറക്കിയാൽ ഇനിയും രക്ഷപ്പെടാനാവില്ല. ജമാഅത്തെ ഇസ്ലാമിയെ മറയാക്കി ആർഎസ്എസിന്റെ മുസ്ലിം വിരുദ്ധ വാദങ്ങളാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. സിപിഎമ്മിന്റെ തീവ്രവാദ ചാപ്പ കിട്ടാത്ത മുസ്ലിം സംഘടനകൾ കേരളത്തിലില്ല. കേരളത്തിലെ മറ്റേതെങ്കിലും സമുദായത്തിനെതിരെ തീവ്രവാദ ചാപ്പകുത്താൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും പി. മുജീബ് റഹ്മാൻ ചോദിച്ചു.
തൃശൂർ പൂരം കലക്കലിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പ്രാഥമികമായി ശരിവെച്ചതാണ്. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് വെടിക്കെട്ട് മാത്രം അലങ്കോലപ്പെട്ടുവെന്നാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ എന്തിനാണ് അങ്ങനെ പറയുന്നത്? എഡിജിപി എം.ആർ അജിത്കുമാറിനെ രക്ഷിക്കാൻ വേണ്ടിയാണിത്. എന്തിനാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതെന്നും പി. മുജീബ് റഹ്മൻ ചോദിച്ചു.
വർഗീയ ചേരിതിരിവിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എല്ലാ മുസ്ലിം സംഘടനകളും സിപിഎമ്മിനെതിരെ നിന്നപ്പോൾ കൂടെ നിന്നയാളാണ് പിഡിപി നേതാവ് അബ്ദുന്നാസർ മഅ്ദനി. അദ്ദേഹം സായുധ പ്രവർത്തനം നടത്തിയെന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. പിന്നെന്തിനാണ് അദ്ദേഹത്തിൻ്റെ കൂടെ വേദി പങ്കിട്ടത്?പി. ജയരാജൻ്റെ പുസ്തകത്തിൽ ഒരുപാട് മുസ്ലിം സംഘടനകളെക്കുറിച്ച് പറയുന്നുണ്ട്. സംഘപരിവാർ പ്രചാരണത്തിന് ശക്തി പകരുന്നതാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ഖലീഫമാർ കുഴപ്പക്കാരാണ് എന്ന അഭിപ്രയം സിപിഎമ്മിനുണ്ടോ? ഭിന്നാഭിപ്രായമുണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണ്. എന്തിനാണ് ഒരു സമുദായം ആദരിക്കുന്നവരെ ആക്ഷേപിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നാണ് ഞങ്ങളുടെ പേര്. ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചു കൊണ്ടാണ് അതിന്റെ പ്രവർത്തനം. വിശ്വസാഹോദര്യം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണിത്. ചെഗുവേരയുടെയും ഫിഡൽ കാസ്ട്രോുടെയും ഫോട്ടോ വെച്ച് ആരാധിക്കുന്നവരാണ് ഞങ്ങളുടെമേൽ സാർവദേശീയത ആരോപിക്കുന്നത്.
ഞങ്ങളുടെ കൂടി മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഞങ്ങൾക്ക് ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെങ്കിൽ അത് മുഖ്യമന്ത്രി വ്യക്തമാക്കണം. അതല്ലെങ്കിൽ ഇത്തരം നിരുത്തരവാദ പ്രസ്താവനകൾ പിൻവലിക്കണമെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൽ പത്ത് കോടിയിലധികം ആളുകളെ കൊന്നു തള്ളിയിട്ടുണ്ട്. കോടിക്കണക്കിന് മനുഷ്യരുടെ മൃതദേഹത്തിന് മുകളിൽ ചെങ്കൊടി നാട്ടിയവരാണ് ഞങ്ങൾക്ക് തീവ്രവാദ ചാപ്പ തരുന്നത്. കേരളത്തിൽ ക്രിമിനൽ സംഘങ്ങളെ വളർത്തുന്നത് ആരാണ്? ടി.പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയതാരാണ്? അരിയിൽ ശുക്കൂറിനെ കൊന്നതാരാണ്? പുസ്തകം എഴുതിയയാളും കൊലക്കേസിൽ പ്രതിയാണ്. പ്രകാശനം ചെയ്ത ആൾക്കും അതേ പാരമ്പര്യമാണുള്ളത്. പ്രകാശനം ചെയ്ത സ്ഥലം കൊലക്കേസ് പ്രതിയുടെ നാമധേയത്തിലുള്ളതാണെന്നും പി. മുജീബ് റഹ്മാൻ വ്യക്തമാക്കി.
എന്ന് മുതലാണ് ജമാഅത്തെ ഇസ്‍ലാമി സിപിഎമ്മിന് അനഭിമതരായത്. 2011ൽ അനത്തെ സിപിഎം സെക്രട്ടറി പിണറായി വിജയനും ജമാഅത്തെ ഇസ്ലാമി അമീർ ടി. ആരിഫലിയും ചർച്ച നടത്തിയാണ് പിന്തുണ നൽകിയത്. ഞങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ദേശാഭിമാനി ലേഖനം എഴുതിയിരുന്നു. കിനാലൂരിൽ ഞങ്ങളെ വേട്ടയാടിയിട്ടും രാഷ്ട്രീയ കാരണങ്ങളാൽ സിപിഎമ്മിന് പിന്തുണ നൽകിയ പ്രസ്ഥാനമാണ്.
ജമാഅത്തെ ഇസ്‌ലാമി എന്ന ക്യാപ്സൂൾ കൊണ്ട് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകില്ല. ആർഎസ്എസുമായി ജമാഅത്തെ ഇസ്‌ലാമി ചർച്ച നടത്തിയിട്ടില്ല. മുസ്ലിം സംഘടനകളുടെ ഏകോപന സമിതിയാണ് ചർച്ച നടത്തിയത്. കേരളത്തിലായിരുന്നില്ല ചർച്ച. ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ തടയാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ചർച്ചയെന്നും പി. മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു.
Adjust Story Font
16