"എനിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്ന് പറയുന്ന എംഎൽഎ എന്തിന് എന്നോടൊപ്പം കൂട്ടുകൂടി"; എൽദോസിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി
എം എൽ എയുടെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം ആരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പരാതിക്കാരി പറഞ്ഞു.
കൊച്ചി: എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരി. തനിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്ന് പറയുന്ന എംഎൽ എ എന്തിന് തന്നോടൊപ്പം കൂട്ടുകൂടിയെന്ന് പരാതിക്കാരി ചോദിക്കുന്നു. എം എൽ എയുടെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം ആരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പരാതിക്കാരി പറഞ്ഞു.
ഇന്ന് എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിൽ പരാതിക്കാരിയുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഈ വീട്ടിൽ വെച്ചും പീഡനത്തിനിരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നാലരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. വീട്ടിൽ സിസിടിവി ഉണ്ടായിരുന്നുവെന്ന എംഎൽഎയുടെ വാദം യുവതി തള്ളി. തന്നെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് വന്നതാണെന്നും അന്ന് വീടിനുള്ളിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.
പെരുമ്പാവൂരിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കളമശേരി എച്ച്.എം.ജി ജങ്ഷന് അടുത്തുള്ള ഫ്ലാറ്റിലും യുവതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. താൻ ക്രിമിനലാണെന്ന് വരുത്തിത്തീർക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും യുവതി ആവർത്തിച്ചു.
തിരുവനന്തപുരം സെഷൻസ് കോടതിയാണ് എൽദോസ് കുന്നപ്പിള്ളിലിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകാൻ പാടില്ല, ഫോണും പാസ്‌പോർട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ സന്ദേശങ്ങൾ ഇടരുത് തുടങ്ങി കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്.
Adjust Story Font
16