Quantcast

വിദ്യാർഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മന്ത്രി; സർക്കാർ ആരോടും ഒഴിഞ്ഞുപോകാൻ പറഞ്ഞിട്ടില്ല

മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    31 Jan 2023 9:08 AM GMT

Complaint of Students, Minister R Bindhu, Adoor Gopalakrishnan, KR Narayanan Film Institute, Caste Discrimination
X

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കമ്മീഷൻ റിപ്പോർട്ടുകൾ ശരിയാണെന്ന് കരുതുന്നു. സർക്കാർ ആരോടും ഒഴിഞ്ഞു പോകാൻ നിർദേശിട്ടില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തു നിന്നുള്ള അടൂർ ​ഗോപാലകൃഷ്ണന്റെ രാജിയെ കുറിച്ച് മന്ത്രി പ്രതികരിച്ചു. അടൂരിന്റെ രാജിക്കു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അടൂരിന്റേത് പ്രതിഷേധ രാജി ആണെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. കാരണം അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്. കമ്മീഷൻ അം​ഗങ്ങൾ കേരളത്തിൽ വളരെ സ്വീകാര്യതയുള്ള, ഭരണ-വിദ്യാഭ്യാസ മേഖലകളിൽ അനുഭവസമ്പത്തുള്ള വ്യക്തികളാണ്. അവരൊരിക്കലും അടൂരിനേയും ശങ്കർ മോഹനേയും മനഃപൂർവം ദ്രോഹിക്കണമെന്ന മനോഭാവമുള്ളവരല്ല. പ്രശ്‌നങ്ങൾ വസ്തുനിഷ്ടമായി മനസിലാക്കിയാവും അവർ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചതെന്നും വിദ്യാർഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായാണെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ സഹകരിക്കാൻ ഡയറക്ടർ തയാറായിരുന്നില്ല.

തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ടാമത് രണ്ട് വിദഗ്ധരെ അന്വേഷണ കമ്മീഷനായി നിശ്ചയിച്ചത്. ഇവരുടെ റിപ്പോർട്ടിൻമേലുള്ള കാര്യങ്ങൾ മനസിലാക്കി വരുംമുമ്പാണ് ശങ്കർ മോഹന്റെ രാജി. വിദ്യാർഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. മിടുക്കരായ വിദ്യാർഥികൾ ആണ് അവിടെ ഉള്ളത്. വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട. ചലച്ചിത്ര മേഖലയിൽ വൈദഗ്ദ്യം ഉള്ളവർ വേറെയുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.‌

ജാതിവിവേചന പരാതികളെ തുടർന്നുള്ള പ്രതിഷേധം നിലനിൽക്കെയാണ് അടൂർ ​ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചത്. മൂന്ന് വർഷം കാലാവധി പൂർത്തിയാക്കും മുമ്പാണ് രാജി. മാർച്ച് 31ന് വരെയാണ് കാലാവധി. പ്രതിഷേധ സൂചകമായാണ് രാജിയെന്നും ധാർമികതയുടെ പുറത്തല്ലെന്നുമാണ് ഇതേക്കുറിച്ച് അടൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരുവനന്തപുരത്തു മീറ്റ് ദ് പ്രസിലാണ് അടൂര്‍ രാജി പ്രഖ്യാപനം നടത്തിയത്.

സർക്കാർ നിയോ​ഗിച്ച കമ്മീഷൻ കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് അടൂർ ആരോപിച്ചു. സോഷ്യൽമീഡിയയിലെ കള്ളങ്ങളാണ് കമ്മീഷനും പഠിച്ചത്. കമ്മീഷന്റേതായി ചോർത്തിവിട്ട വാർത്തകളിൽ പലതും ഉത്തരവാദിത്തരഹിതമാണ്. വിമർശനം ഭയന്ന് തയാറാക്കിയതും അലസമായി എഴുതിയതുമാണ് കമ്മീഷൻ റിപ്പോർട്ട്. കമ്മീഷൻ ശിപാർശകൾ അറിവില്ലാതെ കാട്ടിയ അതിമിടുക്കാണെന്നും അടൂർ ആരോപിച്ചു.

മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കി പേപ്പട്ടിയെ തല്ലിക്കൊല്ലുകയാണ്. ഡയറക്ടർ ശങ്കർ മോഹനേതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതിനു ശേഷമാണ് താന്‍ രാജിവയ്ക്കാൻ തീരുമാനിച്ചതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെ അടൂരിന്‍റെ രാജിക്കായും ആവശ്യമുയര്‍‌ന്നിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അടൂരിനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ജാതിവിവേചനം ഉണ്ടായെന്ന് ചൂുണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. പ്രതിഷേധത്തിന് സിനിമാ മേഖലയിലെ നിരവധി പേർ പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

TAGS :

Next Story