Quantcast

താമരശ്ശേരി വനംവകുപ്പോഫീസ് ആക്രമിച്ച കേസ് കോടതി പരിഗണിക്കും

കേസിൽ വനംവകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-04 02:21:08.0

Published:

4 Feb 2023 2:11 AM GMT

Thamarassery forest department, case, court, attack,
X

കോഴിക്കോട്: കസ്തൂരി രംഗൻ ഹർത്താലിനിടെ താമരശ്ശേരി വനംവകുപ്പോഫീസ് ആക്രമിച്ച കേസ് കോടതി പരിഗണിക്കും. പ്രതികളോട് ഇന്ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വനംവകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തിരുന്നു. വനം മന്ത്രി വിഷയത്തിൽ റിപ്പോർട്ട് തേടി. 2013 നവംബർ 15ന് കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായി നടന്ന ഹർത്താലിലാണ് താമരശ്ശേരി വനംവകുപ്പോഫീസ് കത്തിച്ചത്.

വനം വകുപ്പിലെ നിരവധി പ്രധാന രേഖകൾ കത്തിനശിച്ചു. ഓഫീസിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിമുറിച്ചു. തീർത്തും ആസൂത്രിതമായി നടന്ന അക്രമ സംഭവത്തിന്റെ കേസിനിടെയാണ് വനംവകുപ്പുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൂറുമാറിയത്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനം വകുപ്പുദ്യോഗസ്ഥർ. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറും കൂറുമാറി.

മാധ്യമ പ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. അന്നത്തെ ഡിവൈഎസ്പി ജയ്സൺ എബ്രഹാം ഉൾപ്പെടെയുള്ളവരെ ഹർത്താലനുകൂലികൾ വളഞ്ഞിട്ട് തടഞ്ഞു. വിചാരണ വേളയിൽ അക്രമികളെ തിരിച്ചറിയാൻ സാധിക്കില്ലെന്ന നിലപാടാണ് ജയ്സണും അസിസ്റ്റൻറ് കമ്മീഷണറായ ബിജുരാജും സ്വീകരിച്ചത്. ആയിരക്കണക്കിന് ആളുകൾ ഉൾപ്പെട്ട അക്രമ സംഭവത്തിൽ 35 പേരെയാണ് പ്രതിചേർത്തത്. കേസ് ഡയറിയും കാണാതായതായി.

ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൂറുമാറിയതോടെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്ക . ഈ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനം വിജിലൻസിനോട് മന്ത്രി ആവശ്യപ്പെട്ടത്. സംഭവത്തിൽ ഡി എഫ് ഒ പബ്ലിക്ക് പ്രോസിക്യൂട്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.



TAGS :

Next Story