Quantcast

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം

MediaOne Logo

Web Desk

  • Updated:

    2022-04-20 01:37:32.0

Published:

20 April 2022 1:19 AM GMT

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

കൊച്ചി: ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

അന്വേഷണ സംഘത്തിലുൾപ്പെട്ട സുദർശന്‍റെ കൈവെട്ടണമെന്നും ഉദ്യോഗസ്ഥരെ അനുഭവിപ്പിക്കുമെന്നൊക്കെ ദിലീപ് പറയുന്നത് വധ ഗൂഢാലോചനയുടെ ഭാഗമാന്നാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച കേസാണിതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തുന്നതിനു മുമ്പു മൂന്നു തവണ ബൈജു പൗലോസ് ഇയാളെ കണ്ടിരുന്നെന്നും അന്വേഷണത്തിന് നിർദേശം നൽകിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നല്ല ട്രാക്ക് റെക്കാർഡ് ഉള്ളയാളല്ലെന്നുമുള്ള ദിലീപിന്‍റെ വാദങ്ങളും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

ശ്രീജിത്തിന് ബാലചന്ദ്രകുമാറുമായി അടുപ്പമുണ്ടെന്നും എ.ഡി.ജി.പിയുടെ ബന്ധുവായ പാട്ടുകാരിയെ നാദിർഷയുടെ ചിത്രത്തിൽ പാടിക്കണമെന്ന് ബാലചന്ദ്രകുമാർ ശിപാർശ ചെയ്ത വാട്ട്സാപ്പ് സന്ദേശമുണ്ടെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും കേസ് റദ്ദാക്കാൻ മതിയായ കാരണമല്ല. 2017ൽ നടന്ന സംഭവത്തിൽ 2022 ജനുവരിയിലാണ് കേസെടുത്തതെന്നും പ്രാഥമിക പരിശോധന പോലും നടത്താതെ കേസെടുത്തതു ഉചിതമല്ലെന്നും ദിലീപ് വാദിച്ചിരുന്നു.

പരാതി കള്ളമല്ലെന്നു ഉറപ്പാക്കാനാണ് പ്രാഥമിക പരിശോധന നടത്തുന്നതെന്നും ഇതിൽ വീഴ്ചയുണ്ടെന്ന പേരിൽ കേസ് റദ്ദാക്കാനാവില്ലെന്നുമാണ് സിംഗിൾബെഞ്ച് നിലപാട്. ഹൈക്കോടതി തീരുമാനം അനുകൂലമായതോടെ അന്വേഷണം ഇനി ഊർജിതമാക്കും. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

പൾസർ സുനിയുടെ ഹരജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ പൾസർ സുനി നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിന്‍റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ സാധ്യത ഇല്ലെന്നും കേസിൽ താനൊഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരും. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹരജിയിലെ പ്രധാനപ്പെട്ട ആവശ്യം. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.



TAGS :

Next Story