Quantcast

കോൺഗ്രസിലെ തീരുമാനം ഒരാൾ പോക്കറ്റിൽ നിന്ന് എടുത്ത് പറയുന്നതല്ല: വി.ഡി സതീശൻ

സി.പി.എം സംസ്ഥാന സമ്മേളനം അറിയപ്പെടാൻ പോകുന്നത് വലതു പക്ഷ വ്യതിയാന സമ്മേളനം എന്നായിരിക്കും

MediaOne Logo

Web Desk

  • Updated:

    2022-03-02 09:49:58.0

Published:

2 March 2022 8:56 AM GMT

കോൺഗ്രസിലെ തീരുമാനം ഒരാൾ പോക്കറ്റിൽ നിന്ന് എടുത്ത് പറയുന്നതല്ല: വി.ഡി സതീശൻ
X

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഒരു പ്രശ്‌നവുമില്ലെന്നും കെ.പി.സി.സി തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസിലെ തീരുമാനം ഒരാൾ പോക്കറ്റിൽ നിന്ന് എടുത്ത് പറയുന്നതല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇത്തരം കാര്യങ്ങൾ സി.പി.എമ്മിൽ നടക്കും. അവർക്ക് കടം വാങ്ങാൻ ഇപ്പോൾ പ്രശ്‌നമില്ല. സംസ്ഥാന സമ്മേളനം അറിയപ്പെടാൻ പോകുന്നത് വലതു പക്ഷ വ്യതിയാന സമ്മേളനം എന്നായിരിക്കും. ഈ സമ്മേളനത്തിന് വേറെ ഒരു പ്രസക്തിയുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

അതേസമയം വിവാദങ്ങൾക്കിടെ പുനഃസംഘടനാ നടപടികളുമായി കെ.പി.സി.സി മുന്നോട്ട് പോവാനാണ് തീരുമാനം. 14 ജില്ലകളുടേയും കരട് അന്തിമ പട്ടിക പ്രതിപക്ഷ നേതാവിന് കൈമാറി. പ്രതിപക്ഷ നേതാവിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് പട്ടികയിൽ മാറ്റം വരുത്തുമെന്നും എല്ലാവരുമായും ചർച്ചകൾ നടത്തിയെന്നും കെ.പി.സി.സി അറിയിച്ചിരുന്നു.

തങ്ങളുമായി ചർച്ച നടത്തിയില്ലെന്ന് എംപിമാർ പരാതി നൽകിയതിനെ തുടർന്ന് ഹൈക്കമാൻറ് പുനഃസംഘടന നിർത്തിവെച്ചിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്റിന് കത്ത് നൽകുകയും ചെയ്തിരുന്നു. കെ.പി.സിസി പ്രസിഡൻറ് സ്ഥാനത്ത് കടിച്ച് തൂങ്ങാനില്ലെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് വി.ഡി സതീശനും കെ സുധാകരനും ഹൈക്കമാൻറിനോട് ആവശ്യപ്പെട്ടിരുന്നു.

എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എഐസിസി നിർദേശം നൽകുകയും ചർച്ചയ്ക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. തങ്ങളെ ഇരുട്ടിൽ നിർത്തിയാണ് പുനസംഘടന നടപടികളെന്ന് കാണിച്ച് എട്ട് എം.പിമാരാണ് പരാതി നൽകിയിരുന്നത്.

TAGS :

Next Story