Quantcast

‘കായിക മേളയില്‍ സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം’; മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

‘ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്’

MediaOne Logo

Web Desk

  • Published:

    4 Jan 2025 9:22 AM GMT

VD Satheesan, Pinarayi vijayan, CPM, വിഡി സതീശൻ
X

തിരുവനന്തപുരം: പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാർഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്നുവരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഈ കത്ത്.

പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെയാണ് വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്. അത് എന്തുതന്നെ ആയാലും പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് ഉചിതമായില്ല.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാർഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്നുവരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ല.

പ്രതിഷേധിച്ചതിന്റെ പേരില്‍ സ്‌കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിര്‍ത്തണോ എന്ന ആശയ കുഴപ്പം കുട്ടികളിലും സ്‌കൂള്‍ മാനേജ്മന്റുകള്‍ക്കും ഉണ്ടാകും. കുട്ടികളുടെ ഭാവി കരുതി ഈ തീരുമാനം പിന്‍വലിക്കാൻ അങ്ങയുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

TAGS :

Next Story