അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ വന്ന സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഡി.ജി.പിയുടെ നിര്‍ദേശം
യുവതിയെയും ഫോട്ടോ അപ്ലോഡ് ചെയ്ത യുവാവിനെയും വിളിച്ചുവരുത്തി തിരുവനന്തപുരം കാട്ടാക്കട സി.ഐ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആക്ഷേപം
തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ വന്ന സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഡി.ജി.പി യുടെ നിർദേശം. പൊലീസ് ഹെഡ് കോർട്ടേഴ്‌സ് സ്‌പെഷ്യൽ സെൽ എസ്പിക്കാണ് നിർദേശം നൽകിയത്. സംഭവത്തിൽകാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും യുവതി പരാതി നൽകിയിരുന്നു. ഫോട്ടോയും ഫോൺ നമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ആറു ദിവസത്തിനു ശേഷമാണ് യുവതിയുടെ മൊഴിയെടുത്തത്. യുവതിയെയും ഫോട്ടോ അപ്ലോഡ് ചെയ്ത യുവാവിനെയും വിളിച്ചുവരുത്തി തിരുവനന്തപുരം കാട്ടാക്കട സി.ഐ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. സി.ഐക്കെതിരെ കാട്ടാക്കട സ്വദേശിയായ യുവതി തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകി.
കഴിഞ്ഞ ജനുവരി 25 മുതലാണ് യുവതിയുടെ നമ്പറിലേക്ക് കോളുകൾ വരാൻ തുടങ്ങിയത്. ആദ്യം കാര്യമായി ഗൗനിച്ചില്ല. എന്നാൽ, വിദേശരാജ്യങ്ങളിൽ നിന്നടക്കം ഇടതടവില്ലാതെ വിളികളും സന്ദേശങ്ങളും വന്നതോടെയാണ് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. പിന്നീട് അന്വേഷിച്ചപ്പോൾ കോളുകൾ വരുന്ന വഴി മനസിലായി. രാജ്യത്ത് നിരോധിച്ച അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ പേരും ഫോട്ടോയും നമ്പരുമടക്കം പ്രദർശിപ്പിച്ചിരിക്കുന്നു.
തുടർന്ന് യുവതി കാട്ടാക്കട പൊലീസിൽ പരാതി നൽകി. വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്നാണ് ചിത്രം ചോർന്നതെന്നും ഒരാളെ സംശയമുണ്ടെന്നും പൊലീസിനെ അറിയിച്ചു. പിന്നാലെ ചിത്രം ചോർത്തിയ സഹപാഠിയായ യുവാവും കുടുംബാംഗങ്ങളും യുവതിയുടെ വീട്ടിലെത്തി കുറ്റം സമ്മതിക്കുകയും മാപ്പുനൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഇരുവരെയും വിളിപ്പിച്ച എസ്.എച്ച്.ഒ യുവതിയോട് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രമാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതി വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തത്.
Adjust Story Font
16