Quantcast

സ്വകാര്യ ബസിനെ കാറിൽ പിന്തുടർന്ന് ഡ്രൈവറെ മർദ്ദിച്ച സംഭവം; പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി

എഫ്ഐആര്‍ ഇടുന്നതിലും അരീക്കോട് പൊലീസ് അലംഭാവം കാണിച്ചതായി മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ നിഖിൽ ആരോപിക്കുന്നു

MediaOne Logo

Web Desk

  • Published:

    10 Feb 2024 1:57 AM GMT

Nikhil
X

നിഖില്‍

കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് സ്വകാര്യ ബസിനെ നാലു കിലോമീറ്ററോളം കാറിൽ പിന്തുടർന്ന് ഡ്രൈവറെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി. മൊഴി എടുക്കുന്നതിലും എഫ്ഐആര്‍ ഇടുന്നതിലും അരീക്കോട് പൊലീസ് അലംഭാവം കാണിച്ചതായി മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ നിഖിൽ ആരോപിക്കുന്നു. അടിയന്തിര നടപടി ആവശ്യപ്പെട്ട് മലപ്പുറം എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ് നിഖിൽ.

ഈ മാസം 5-ാം തിയതിയാണ് സ്വകാര്യ ബസ് ഡ്രൈവറായ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിന് മർദ്ദനമേൽക്കുന്നത്. തോട്ടുമുക്കത്തു നിന്നും മുക്കത്തേക്ക് പോവുകയായിരുന്ന നിഖിൽ ഓടിച്ചിരുന്ന സ്വകാര്യ ബസ്സിനെ കാറിലെത്തിയ മൂന്നാംഗ സംഘം പിന്തുടർന്ന് ‌ ആക്രമിക്കുകയും ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ചു തകർക്കുകയുമായിരുന്നു. മർദ്ദനമേറ്റ അന്ന് തന്നെ നിഖിൽ അരീക്കോട് പൊലീസിൽ പരാതി നൽകി എന്നാൽ പൊലീസിന്‍റെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നിഖിലിന്‍റെ ആരോപണം.

പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരും ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമടങ്ങുന്ന മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നിഖിൽ പറയുന്നു. മലപ്പുറം എസ്.പിക്ക് നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നിഖിൽ.




TAGS :

Next Story