കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു
കുന്നിക്കോട് സ്വദേശി ഹൈമവതിയാണ് ആക്രമണത്തിനിരയായത്
കൊല്ലം: കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു. കുന്നിക്കോട് സ്വദേശി ഹൈമവതിയാണ് ആക്രമണത്തിനിരയായത്. മോഷ്ടാവിന്‍റെ ആക്രമണത്തിൽ ഇവരുടെ ചെവിക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കുന്നിക്കോട് പച്ചില വളവിൽ ഉള്ള വീട്ടിൽ ഒറ്റയ്ക്കാണ് 85 വയസുള്ള ഹൈമാവതിയുടെ താമസം. വീട്ടിനുള്ളിൽ കയറിയ മോഷ്ടാവ് വയോധികയെ മർദ്ദിച്ച് അവശയാക്കി കാതിലും കഴുത്തിലും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു.
വീടിൻ്റെ മേൽക്കൂരയിലുള്ള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ശബ്ദം കെട്ട് ഉണർന്ന ഹൈമവതിയുടെ മുഖത്ത് കൈക്കൊണ്ട് പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. മോഷ്ടാവ് ആദ്യം ഹൈമവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. തുടർന്ന് കാതിലുള്ള കമ്മൽ വലിച്ചെടുത്തു. ഇതിൽ വയോധികയുടെ ഇടത് കാത് കീറിമുറിഞ്ഞു.
ഇതിന് ശേഷം ഹൈമവതിയുടെ സ്മാർട്ട് ഫോണും കവർന്ന മോഷ്ടാവ് വാതിൽ തുറന്ന് കടന്ന് കളയുകയായിരുന്നു. ഹൈമവതിയുടെ പക്കലുള്ള മറ്റൊരു ഫോണിൽ മക്കളെ വിളിച്ചു. മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഓടിക്കൂടിയ അയൽക്കാരും ബന്ധുക്കളും ചേർന്ന് ഹൈമവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. കാതിന് നാല് തുന്നിക്കെട്ടലുകളുണ്ട്. കുന്നിക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Adjust Story Font
16