ഫെമ കേസ്; ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു
ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് ഇഡിയുടെ കൊച്ചി ഓഫീസിൽ ബിനീഷ് ഹാജരായത്
കൊച്ചി: ഫെമ കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ബിനീഷ് കോടിയേരിക്ക് ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ ഉൾപ്പെട്ട ഫെമ കേസിലാണ് ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് ഇഡിയുടെ കൊച്ചി ഓഫീസിൽ ബിനീഷ് ഹാജരായത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ പിന്നിട്ടു.
കേസിൽ കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ആഴ്ച ബിനീഷിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല. തുടർന്ന്, ഇഡി വീണ്ടും നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഇന്ന് ഹാജരായിരിക്കുന്നത്.
2020ൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒരു വർഷത്തെ തടവിനുശേഷം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. കേസിൽ അദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
ബിനീഷ് കോടിയേരിക്ക് ബിസിനസ് പങ്കാളിത്തമുള്ള ചില കമ്പനികൾ വിദേശ നാണ്യ വിനിമയ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നാണ് ഇ ഡി യുടെ ആരോപണം. ഈ കമ്പനികളുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെയും കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
ഇത് ആദ്യമായല്ല ബിനീഷ് കോടിയേരി ഇ ഡിയുടെ അന്വേഷണ പരിധിയിൽ വരുന്നത്. കർണാടകയിലെ ലഹരിക്കടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ബിനീഷ് കോടിയേരിയെ 2020 ഒക്ടോബറിൽ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഒരു വർഷത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. സുഹൃത്ത് അനൂപ് മുഹമ്മദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിനെതിരായ ഇ ഡി നടപടി.
Adjust Story Font
16