സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഊർജിതശ്രമവുമായി ധനവകുപ്പ്; റിസർവ് ബാങ്കിന്‍റെ വായ്പാ പരിധി പിന്നിട്ടാൽ ഓവർ ഡ്രാഫ്റ്റിലേക്ക്
ഓണക്കാലത്തെ ചെലവാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമവുമായി ധനവകുപ്പ്.കേന്ദ്ര സഹായം ഉടൻ ലഭിച്ചാൽ നിലവിലെ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ. റിസർവ് ബാങ്കിന്‍റെ വായ്പാ പരിധി പിന്നിട്ടാൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലേക്ക് പോകും.
ഓണക്കാലത്തെ ചെലവാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം, വിവിധ പെൻഷനുകൾ, ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്കാണ് കൂടുതൽ തുക ചിലവാക്കിയതെന്ന് ധനവകുപ്പ് വിശദീകരിക്കുമ്പോഴും കേന്ദ്രം കനിയാതെ മുന്നോട്ടു പോകാൻ പറ്റാത്ത സ്ഥിതിയിലേക്ക് സംസ്ഥാനമെത്തി. ഉള്ള സഹായം നൽകുന്നത് കേന്ദ്രവും വൈകിക്കുന്നതാണ് സാമ്പത്തിക നിയന്ത്രണത്തിന് ധനവകുപ്പിനെ പ്രേരിപ്പിക്കുന്നത്. വിവിധ പദ്ധതികൾക്കായി ബജറ്റിൽ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നത് താത്ക്കാലികമായി നിയന്ത്രിക്കാൻ ആലോചനയുണ്ട്.
ചില വകുപ്പുകൾ വിവിധ പദ്ധതികൾക്കായി വാങ്ങിയിട്ടും ചെലവഴിക്കാതെ അക്കൗണ്ടുകളിലുള്ള പണം തിരിച്ചു പിടിക്കാമെന്നും ധനവകുപ്പ് കണക്ക് കൂട്ടുന്നു. ദൈനംദിന ചെലവിന് റിസർവ് ബാങ്കിൽനിന്നുള്ള വായ്പയായ വേയ്‌സ് ആൻഡ് മീൻസ് അഡ്വാൻസിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വായ്പാ പരിധി കഴിഞ്ഞാൽ ഓവർ സ്രാഫ്റ്റിലേക്ക് പോകുമെന്നതാണ് നിലവിലെ ആശങ്ക. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്‍റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. കേന്ദ്ര സഹായം ഉടൻ ലഭിച്ചാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ പ്രതിസന്ധി മറികടക്കാമെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ.
Adjust Story Font
16