തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നാല് മാസമായിട്ടും അജ്ഞാതം
അന്വേഷണം നടത്തിയത് ആരോപണവിധേയനായ എഡിജിപി അജിത് കുമാർ
തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നാല് മാസമായിട്ടും അജ്ഞാതമായി തുടരുന്നു. അന്വേഷണം നടത്തിയത് ആരോപണവിധേയനായ എഡിജിപി എം.ആർ അജിത് കുമാറാണ്. അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തൃശൂർ സിറ്റി പൊലീസ് കമീഷണറായ അങ്കിത് അശോകിനെ ഉപയോഗിച്ച് പൂരം കലക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ തന്നെയായിരുന്നെന്ന് പി.വി അൻവർ എംഎൽഎ കഴിഞ്ഞ ദിവസം ആരോപിച്ചതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്. പൂരം കലക്കലിന്റെ അന്വേഷണച്ചുമതല ആർക്കായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
തന്റെ ഓഫീസിൽ വന്ന രണ്ട് പരാതികളിലും അന്വേഷണം നടത്താൻ നിർദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ്. അന്വേഷണച്ചുമതലയാകട്ടെ, എ.ഡി.ജി.പി എം.ആർ അജിത് കുമാറിനും. ഒരാഴ്ചയ്ക്കുള്ളിൽ അജിത് കുമാർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചു.
തുടർന്ന് ആരോപണവിധേയനായ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലംമാറ്റിക്കൊണ്ട് മുഖ്യമന്ത്രി തന്നെ ഉത്തരവിട്ടു. എന്നാൽ, റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് നാലുമാസം കഴിഞ്ഞിട്ടും അതിലെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും റിപ്പോർട്ടിനെക്കുറിച്ച് ധാരണയില്ല.
അജിത് കുമാർ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് മറ്റൊരു റിപ്പോർട്ട് നൽകിയിരുന്നു. തൃശൂരുമായും പൂരവുമായും ബന്ധമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം പൂരം ഡ്യൂട്ടിയിൽനിന്ന് മാറ്റി നിർത്തിയത് അന്വേഷിക്കണമെന്നായിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പൂരം കലങ്ങുമ്പോൾ അജിത് കുമാർ തൃശൂരിലുണ്ടായിരുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവും ഉയർത്തിക്കഴിഞ്ഞു. പൂരം കലക്കലിൽ അജിത് കുമാറിന് പങ്കുണ്ടെന്ന അൻവറിന്റെ ആരോപണം കൂടി വന്നതോടെ റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ പുറത്തുവിടണമെന്ന ആവശ്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളടക്കം ഉന്നയിക്കുന്നത്.
Adjust Story Font
16