മേയർക്കും എം.എൽ.എയ്ക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത് ഡ്രൈവറുടെ പരാതിയിലെ അതേ കാര്യങ്ങൾ
പ്രതികൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമടക്കം ചുമത്തിയിട്ടുണ്ട്
തിരുവനന്തപുരം: നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ മേയർക്കും എം.എൽ.എയ്ക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത് ഡ്രൈവറുടെ പരാതിയിലെ അതേ കാര്യങ്ങൾ. ഡ്രൈവർ യദു തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ അണുവിട മാറ്റമില്ലാതെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലും രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റമടക്കം ചുമത്തിയിട്ടുണ്ട്.
യദുവിന്‍റെ പരാതി പൊലീസിന് കൈമാറിയ കോടതി, കേസെടുത്ത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ആദ്യ വട്ടം ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്ത തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ്, ഇക്കുറി രജിസ്റ്റർ ചെയ്തത് ഗുരുതര വകുപ്പുകളാണ്. ഒന്നാം പ്രതി മേയർ ആര്യ രാജേന്ദ്രനും രണ്ടാം പ്രതി എം.എൽ.എ സച്ചിൻ ദേവുമാണ്. യദുവിന്‍റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് അവർക്കെതിരെ എഫ്.ഐ.ആറിലുമുള്ളത് എന്നതാണ് ശ്രദ്ധേയം. ബസിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും സച്ചിൻ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്.ഐ.ആറിലുണ്ട്.
എം.എല്‍.എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്.ഐ.ആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്. കേസിലെ ഏറ്റവും പ്രധാന തെളിവായ മെമ്മറി കാർഡ് എവിടെപ്പോയെന്ന ചോദ്യത്തിന് പ്രാഥമികമായെങ്കിലും ഉത്തരം നൽകുകയാണ് പൊലീസ് ഇതുവഴി. മേയർ, എം.എൽ.എ എന്നിവർ മെമ്മറി കാർഡ് നശിപ്പിച്ചെന്ന പൊലീസ് കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം മേയറും എം.എൽ.എയും നിഷേധിച്ചെങ്കിലും ബസിൽ എം.എൽ.എ അതിക്രമിച്ചുകയറിയെന്നാണ് എഫ്.ഐ.ആർ സാക്ഷ്യപ്പെടുത്തുന്നത്. ഇനി അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്ന കാര്യത്തിൽ പൊലീസ് ഒരു തീരുമാനത്തിലെത്തണം.
Adjust Story Font
16