Quantcast

കത്തിയ ബോഗിയിലെ കണ്ണാടി പൊട്ടിച്ച നിലയിൽ; അടിമുടി ദുരൂഹത നിറച്ച് വീണ്ടും ട്രെയിനിലെ തീപിടിത്തം

ബോഗിക്കുള്ളിൽ നിന്നും ലോക്ക് പൊട്ടിക്കാനുപയോഗിച്ചെന്ന് കരുതുന്ന കല്ലും കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2023-06-01 07:28:26.0

Published:

1 Jun 2023 5:40 AM GMT

Kannur train fire
X

കണ്ണൂരിൽ തീപിടിത്തമുണ്ടായ ട്രെയിൻ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചതിൽ ദുരൂഹത. കത്തിയ ബോഗിയിലെ കണ്ണാടി പൊട്ടിച്ച നിലയിൽ കണ്ടെത്തി. ബോഗിക്കുള്ളിൽ നിന്നും ലോക്ക് പൊട്ടിക്കാനുപയോഗിച്ചെന്ന് കരുതുന്ന കല്ലും കണ്ടെത്തി. സ്ഥലത്ത് കേന്ദ്ര ഇന്റലിജൻസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.

അതേസമയം എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ് ആന്വേഷിക്കുന്ന എൻ.ഐ.എ സംഘം വിവരങ്ങൾ തേടി. സ്വാഭാവിക തീപിടുത്തമല്ലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും റയിൽവേ അറിയിച്ചു. എലത്തൂരിൽ തീവെച്ച അതേ ട്രെയിനിന്റെ ബോഗിയാണ് കത്തിനശിച്ചത് എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് എന്‍.ഐയുടെ വിവരശേഖരണം.

എലത്തൂർ ട്രെയിൻ വെപ്പ് സംഭവം നടന്ന് രണ്ട് മാസം പൂർത്തിയാകാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് അതെ ട്രെയിനിനു നേരെ വീണ്ടും അക്രമം നടന്നത്. എലത്തൂർ കേസിലെ പ്രതി ഷാരൂഖ് സൈഫി അക്രമത്തിന് ശേഷം വന്നിറങ്ങിയത് കണ്ണൂർ റയിൽവെ സ്റ്റേഷനിലായിരുന്നു. അതെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിക്കാണ് അർദ്ധ രാത്രിയോടെ അജ്ഞാതൻ തീയിട്ടത് എന്നതും സംഭവത്തിന്റെ ഗൗരവം വർധിക്കുന്നു.

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. അട്ടിമറി സാധ്യത റെയില്‍വെ സംശയിക്കുന്നുണ്ട്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.

ട്രെയിന്‍ സര്‍വീസ് നടത്തുന്ന ട്രാക്കില്‍ അല്ല സംഭവം എന്നതിനാല്‍ തീപിടിത്തം അറിയാന്‍ അല്‍പ്പം വൈകി. തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. മറ്റ് ബോഗികളിലേക്ക് തീപടരും മുന്‍പ് ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ ആരെങ്കിലും ട്രെയിനിന് തീയിട്ടതാണോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. ഫോറന്‍സിക് സംഘത്തിന്‍റെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. തീപിടിത്തമുണ്ടായ ബോഗി നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്.

TAGS :

Next Story