ഷെൻഹുവ വരുന്നു; വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ ഗുജറാത്തിൽ നിന്ന് പുറപ്പെട്ടു
ആഗസ്റ്റ് 31ന് ചൈനയിൽ നിന്ന് പുറപ്പെട്ട ഷെൻഹുവ- 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഗുജറാത്ത് തീരത്ത് നിന്ന് പുറപ്പെട്ടു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളാണ് കപ്പലിലുള്ളത്. ആദ്യ കപ്പൽ എത്തുന്നതിന്റെ ചടങ്ങുകൾ ഈ മാസം 15ന് വിഴിഞ്ഞത്ത് നടക്കും.
ആഗസ്റ്റ് 31ന് ചൈനയിൽ നിന്ന് പുറപ്പെട്ട ഷെൻഹുവ- 15 എന്ന ചരക്കു കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. നേരത്തെ ഈ കപ്പൽ ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് പോയിരുന്നു.
ഒക്ടോബർ നാലിന് കപ്പലെത്തുമെന്നായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ അറിയിച്ചിരുന്നത്. അതിനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ കടലിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേഗത കുറയ്ക്കേണ്ടി വന്നു.
സെപ്തംബർ 24നാണ് കപ്പൽ വിഴിഞ്ഞത്തുകൂടി മുദ്ര തുറമുഖത്തിലേക്ക് നീങ്ങിയത്. അതനുസരിച്ച് ഒക്ടോബർ 15 ഞായറാഴ്‌ച നാലിന് കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നേരത്തെ അറിയിച്ചിരുന്നു.
ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോബാളും സ്വീകരിക്കാനെത്തുമെന്നും 2024 മെയിൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Adjust Story Font
16