Quantcast

ഒരു നിയോഗം പോലെയാണിത്; ഖാഇദെ മില്ലത്ത് കൈമാറിത്തന്ന പതാക അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാം- പാർട്ടി നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ സാദിഖലി തങ്ങൾ

''മതേതര കേരളത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി നമുക്ക് പോരാട്ടം തുടരാം'' - മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി നിയമതിതനായ സാദിഖലി ശിഹാബ് തങ്ങൾ

MediaOne Logo

Web Desk

  • Published:

    8 March 2022 12:22 PM GMT

ഒരു നിയോഗം പോലെയാണിത്; ഖാഇദെ മില്ലത്ത് കൈമാറിത്തന്ന പതാക അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാം- പാർട്ടി നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ സാദിഖലി തങ്ങൾ
X

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഒരു നിയോഗം പോലെ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തമാണിത്. മുൻഗാമികളുടെ ചരിത്രവും ജീവിതവുമാണ് ബലമെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു നിയോഗമെന്ന പോലെ എന്നിൽ ഏൽപിക്കപ്പെട്ടതാണ് ഈ ഉത്തരവാദിത്തമെന്ന ഉത്തമബോധ്യമുണ്ട്. മുസ്ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലം. ഒരു ജനതയെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കാനായി അവർ വെട്ടിത്തെളിച്ച വഴികളിലൂടെ ആത്മവിശ്വാസത്തോടെ നമുക്ക് നടക്കാം-ഫേസ്ബുക്ക് കുറിപ്പിൽ തങ്ങൾ.

മതേതര കേരളത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും അവകാശസംരക്ഷണത്തിനും വേണ്ടി നമുക്ക് പോരാട്ടം തുടരാം. ഖാഇദെ മില്ലത്ത് കൈമാറിത്തന്ന ഈ പതാക എന്റെ സഹോദങ്ങൾ ഉയർത്തിപ്പിടിച്ച പോലെ നമുക്കും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണയും പ്രാർത്ഥനകളുമുണ്ടാകണമെന്നും സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്. ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ഹൈദരലി തങ്ങൾ അസുഖബാധിതനായപ്പാൾ സാദിഖലി തങ്ങൾക്കായിരുന്നു താൽക്കാലിക ചുമതല. ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായിരുന്നു.

Summary: The flag handed over by Qaede Millat will be proudly preserved, Says Sadiqali Thangal after taking over the leadership of IUML Kerala

TAGS :

Next Story