ഇടുക്കിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
മുട്ടം, കരിങ്കുന്നം, ഇല്ലിചാരി, അമ്പലപ്പടി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു
തൊടുപുഴ: ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതോളം വളർത്തുമൃഗങ്ങളാണ് പുലിയുടെ അക്രമണത്തിനിരയായത്.
പ്രദേശത്ത് പുലിയിറങ്ങിയതായി നാട്ടുകാർ പല തവണ പറഞ്ഞെങ്കിലും പൂച്ചപുലിയാകാമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്. വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായതോടെ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള തയ്യാറെടുപ്പും വനം വകുപ്പ് തുടങ്ങി.
റബർ തോട്ടങ്ങൾക്കിടയിലുള്ള പാറയിടുക്കുകളിൽ പുലി ഉണ്ടാകാമെന്നാണ് വനം വകുപ്പുദ്യോഗസ്ഥരുടെ നിഗമനം. മുട്ടം, കരിങ്കുന്നം, ഇല്ലിചാരി, അമ്പലപ്പടി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Adjust Story Font
16