കരുവാരക്കുണ്ടിൽ ഭീതി പടർത്തിയ കടുവയെ പിടിക്കാൻ കെണിയൊരുക്കി വനംവകുപ്പ്
പ്രദേശത്ത് നിന്നും കാണാതായ നാല് ആടുകളെ കടുവ പിടികൂടിയെന്നാണ് സംശയം.
മലപ്പുറം കരുവാരക്കുണ്ടിൽ ഭീതി പടർത്തിയ കടുവയെ പിടിക്കാൻ കെണിയൊരുക്കി വനംവകുപ്പ്. പ്രദേശത്ത് നിന്നും കാണാതായ നാല് ആടുകളെ കടുവ പിടികൂടിയെന്നാണ് സംശയം. അതേസമയം കടുവയെ കണ്ട കുണ്ടോടക്ക് സമീപമുള്ള ബറോഡ വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കരുവാരക്കുണ്ട് കുണ്ടോട എസ്റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസിന്‍റെ നാല് ആടുകളെയാണ് കടുവ പിടികൂടിയെന്ന് സംശയിക്കുന്നത് .
വീടിന് സമീപത്തെ പറമ്പിലേക്ക് വിട്ട ആടുകൾ ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു ആടിന്റെ ജഡം തല വേർപെട്ട നിലയിൽ കണ്ടത്. മറ്റു ആടുകളെ വലിച്ച് കൊണ്ടുപോയ നിലയിലാണ്. ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഒരുക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കുണ്ടോട ബറോഡ വെള്ളച്ചാട്ടത്തിന് സമീപമാണ് നാട്ടുകാർ കടുവയെ നേരിട്ട് കണ്ടത് . ഇവിടെ തന്നെയാണ് സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതെന്നാണ് വനംവകുപ്പ് നിഗമനം . തുടർന്നാണ് വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത് . കടുവയെ പിടിക്കാനായി മേഖലയിൽ രണ്ട് കൂടുകളാണ് ഇതുവരെ സ്ഥാപിച്ചത്. വനംവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .
Adjust Story Font
16