മറയൂരില്‍ പ്രതിവര്‍ഷം ആയിരത്തോളം മരങ്ങൾ രോഗബാധയാൽ നശിക്കാറുണ്ടെന്ന് വനംവകുപ്പ്
രോഗബാധയേറ്റ മരങ്ങൾ മുറിക്കാൻ കഴിഞ്ഞ രണ്ട് വർഷവും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല.
ഇടുക്കി: മറയൂരിൽ മുൻ വർഷങ്ങളെക്കാൾ ഇരട്ടിയാണ് ഇത്തവണ രോഗബാധയേറ്റ ചന്ദന മരങ്ങളുടെ എണ്ണം. രോഗബാധയേറ്റ മരങ്ങൾ മുറിക്കാൻ കഴിഞ്ഞ രണ്ട് വർഷവും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. ഇത് ഉണങ്ങിയ മരങ്ങളുടെ എണ്ണം ഇരട്ടിയാകാൻ കാരണമായെന്നാണ് വനംവകുപ്പിന്‍റെ വാദം. രോഗബാധ ചന്ദന വ്യാപാരത്തെ ബാധിക്കില്ലെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
കഴിഞ്ഞ ഏഴ് വർഷമായി പ്രതിവർഷം ശരാശരി 40 കോടി രൂപയുടെ ചന്ദന വിൽപനയാണ് നടക്കുന്നത്. 2019ൽ 40 കോടിയുടെയും 2020ൽ 45 കോടിയുടെയും 2021 ൽ 48 കോടി രൂപയുടെയും ചന്ദനം ഇ- ലേലത്തിലൂടെ വിറ്റഴിച്ചുവെന്നാണ് കണക്ക്. ഇക്കൊല്ലത്തെ ലേലം ഇതുവരെ നടന്നിട്ടില്ല.മുൻ വർഷങ്ങളിലെപ്പോലെത്തന്നെ ഇത്തവണയും ചന്ദന വിൽപന നടക്കുമെന്നാണ് വനംവകുപ്പ് പ്രതീക്ഷ.
പ്രതിവർഷം ആയിരത്തോളം മരങ്ങൾ രോഗബാധയാൽ നശിക്കാറുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. ഇത്തവണ ഇത് രണ്ടായിരത്തിൽ അധികമാണ്. കഴിഞ്ഞ രണ്ടുവർഷവും മരങ്ങൾ മുറിക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതാണ് ഉണങ്ങിയ മരങ്ങളുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് വനം വകുപ്പ് വിശദീകരണം. മരം മുറിച്ചു നീക്കാൻ കേന്ദ്രാനുമതി ലഭിച്ചെങ്കിലും പൂർണമായി ഉണങ്ങിയവ മാത്രം മുറിച്ചാൽ മതിയെന്നാണ് വനം വകുപ്പ് നിലപാട്. സ്പൈക് ഡിസീസിന് പ്രതിരോധമോ ചികിൽസയോ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ രോഗബാധ തടയാൻ താൽക്കാലിക പരിഹാരമെന്ന നിലക്കാണ് മരങ്ങൾ മുറിച്ചുമാറ്റുന്നത്.
Adjust Story Font
16