ചാൻസിലറായി തുടരാൻ ആഗ്രഹിക്കുന്നില്ല; സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണം: ഗവർണർ
എട്ടാം തീയതി ചാൻസ്‌ലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലറായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുത്തോട്ടെയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെല്ലായിടത്തും സർക്കാർ തന്നെയാണ് ചാൻസലേഴ്‌സിനെ നിയമിക്കുന്നത്. എന്നാൽ സർക്കാർ യൂണിവേഴ്‌സിറ്റിയുടെ കാര്യങ്ങളിൽ ഇങ്ങനെ ഇടപെടാറില്ലെന്നും സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ അതിരുകടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഗവർണറുടെ വിമർശനം. എട്ടാം തീയതി ചാൻസ്‌ലർ പദവിയിൽ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പകരം മുഖ്യമന്ത്രി ചാൻസ്‌ലർ പദവി ഏറ്റെടുക്കണമെന്നും അതിനായി നിയമനിർമാണം നടത്തണമെന്നും അതിൽ താൻ ഒപ്പിടാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് കത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഗവർണർ മാധ്യമങ്ങൾക്ക് മുമ്പിലും ആവർത്തിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അവരുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്ക് നിന്ന് കൊടുക്കില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസലർ ഭരണഘടനാ പദവിയല്ലെന്നും ഗവർണർ ചാൻസലർ പദവിയിലിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളുടെ ഏജന്റിനെ നിയമിച്ച് കാര്യങ്ങൾ നടപ്പാക്കാനാണെങ്കിൽ സ്ഥാനം നിങ്ങളേറ്റെടുത്തോളുവെന്നും ദിവസവും സർവകലാശാലയിൽ രാഷ്ട്രിയ ഇടപെടലുകളുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ആരെ വേണമെങ്കിലും നിയമിക്കാമെന്നും പക്ഷേ ചട്ടപ്രകാരമെങ്കിലും നിയമനം നടത്തണമെന്നും പറഞ്ഞ ഗവർണർ അനധികൃത നിയമനങ്ങളെ കുറിച്ച് സർക്കാറിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മികച്ച സ്‌കൂളുകളുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണെന്നും ഗവർണർ വിമർശിച്ചു.
അതേസമയം, ഗവർണറുമായി സംസാരിച്ചപ്പോൾ അഭിപ്രായവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സിപിഎം നേതാവ് എകെ ബാലൻ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവില്ലെന്നും അദ്ദേഹം ഉയർത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ബാലൻ പറഞ്ഞു.
തന്റേത് രാഷ്ട്രീയ നിയമനമാണോ എന്നു നിയമിച്ചവരോട് ചോദിക്കണമെന്നും ഗവർണ്ണറാണ് നിയമനം നടത്തിയതെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും തന്റെ കാലത്ത് സർവകലാശാലയിൽ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായപരിധി വിഷയമാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ 60 കഴിഞ്ഞവരെ നിയമിക്കുന്നത് സാധാരണമാണെന്നും വിസി പറഞ്ഞു. സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാരിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂർ വിസിക്ക് പുനർനിയമനം നല്കാൻ സർക്കാർ ഗവർണർക്ക് ശിപാർശ നൽകിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണത്തലവനായ ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കണ്ണൂരിനു പുറമെ കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവഗുരുതരമാണെന്നു ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ സർവകലാശാലകൾ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കുകയാണെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറുടെ ആരോപണമെന്നും കെ മുരളീധരൻ പറഞ്ഞു.
Governor Arif Mohammad Khan has said that he does not want to continue as the Chancellor of the universities in the state and that the Chief Minister should take over the post.
Adjust Story Font
16