Quantcast

അങ്ങനെ കലോത്സവത്തിന് കൊടിയിറങ്ങി; സ്വർണക്കപ്പ് ഇനി പൂരങ്ങളുടെ നാട്ടിലേക്ക്

'എന്തൊരു വൈബാണ് ഈ പരിപാടിക്ക്, ലോകത്തിന് മുന്നിൽ തലയെടുപ്പോടെ പറയാവുന്ന ഒന്നാണ് കലോത്സവം' പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Published:

    8 Jan 2025 1:09 PM GMT

അങ്ങനെ കലോത്സവത്തിന് കൊടിയിറങ്ങി; സ്വർണക്കപ്പ് ഇനി പൂരങ്ങളുടെ നാട്ടിലേക്ക്
X

63മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. സാംസ്‌കാരിക തലസ്ഥാനത്തിലെ കുട്ടികൾ കപ്പുയർത്തി ഉറക്കെ വിളിച്ചുപറഞ്ഞു ഞങ്ങളാണ് വിജയികളെന്ന്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യഥിതികളായത് നടന്മാരായ ടൊവിനോ തോമസും ആസിഫലിയുമായിരുന്നു.

"എന്തൊരു വൈബാണ് ഈ പരിപാടിക്കെന്ന്" പ്രതിപക്ഷനേതാവ് പറഞ്ഞു. ലോകത്തിന് മുന്നിൽ തലയെടുപ്പോടെ പറയാവുന്ന ഒന്നാണ് കലോത്സവമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഒരോ മത്സരാർഥിയും നാടിന്റെ സമ്പത്താണെന്നും രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നിച്ചുനിന്നെന്നും അദേഹം പറഞ്ഞു.

താൻ കസേര പിടിച്ചിടാൻ പോലും കലോത്സവ വേദിയിൽ എത്തിയിട്ടില്ലെന്നായിരുന്നു ആസിഫലി പറഞ്ഞത്. എല്ലാം സിനിമ തന്ന സൗഭാഗ്യമാണെന്നും കലയെ ജീവിതകാലം മുഴുവൻ കൂടെ കൂട്ടണമെന്നും നടൻ പറഞ്ഞു.

സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണെന്നും കല മനുഷ്യനെ അടുപ്പിക്കുമെന്നുമായിരുന്നു ടൊവീനോ തോമസിന്റെ പ്രതികരണം. ജീവിതത്തിൽ ഉടനീളം കലയെ കൈവിടാതിരിക്കാൻ മത്സരാർഥികൾക്ക് കഴിയട്ടെയെന്നും ടൊവീനോ പറഞ്ഞു.

63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി. 1999-ലാണ് അവസാനമായി ജില്ല കിരീടം ചൂടിയത്. ഇത് ആറാം തവണയാണ് തൃശൂർ വിജയികളാകുന്നത്.

1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. ആതിഥേയരായ തിരുവനന്തപുരം 957 പോയിൻ്റുമായി എട്ടാം സ്ഥാനക്കാരായി.

തൃശ്ശൂരും പാലക്കാടും ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിൻ്റുമായി ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 526 പോയിൻ്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകൾ 95 പോയിൻ്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ കാസർഗോഡും മലപ്പുറവും പാലക്കാടും 95 പോയിൻ്റുമായി ഒന്നാമതെത്തി.

സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 171 പോയിൻ്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിൻ്റുമായി മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളാണ് മൂന്നാമത്.

കഴിഞ്ഞ സ്‌കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്‌കാരവും പുരസ്‌കാരവേദിയിൽ വിതരണം ചെയ്തു. മികച്ച ക്യാമറ പേഴ്‌സനുള്ള പുരസ്‌കാരം മീഡിയ വൺ ക്യാമറാമാൻ ബബീഷ് കക്കോടി ഏറ്റുവാങ്ങി.

ദൃശ്യ മാധ്യമവിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ പി.സി സെയ്ഫുദ്ദീൻ ഏറ്റുവാങ്ങി.

TAGS :

Next Story