Quantcast

കെ.ടി.യു വിസിയുടെ സ്ഥലംമാറ്റ ഉത്തരവ് ഗവേണിങ് ബോർഡ് യോഗം മരവിപ്പിച്ചു

ജീവനക്കാരെ സ്ഥലം മാറ്റുന്നത് സർവകലാശാല പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാട്ടി അവതരിപ്പിച്ച പ്രമേയം വിസിയുടെ വിയോജിപ്പോടെയാണ് പാസ്സാക്കിയത്

MediaOne Logo

Web Desk

  • Published:

    18 Jan 2023 1:25 AM GMT

KTU
X

കെ.ടി.യു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വി.സി ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് ഗവേണിങ് ബോർഡ് യോഗം മരവിപ്പിച്ചു. ജീവനക്കാരെ സ്ഥലം മാറ്റുന്നത് സർവകലാശാല പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാട്ടി അവതരിപ്പിച്ച പ്രമേയം വിസിയുടെ വിയോജിപ്പോടെയാണ് പാസ്സാക്കിയത്. സർവകലാശാലാ ഉദ്യോഗസ്ഥരുടെ പുനർവിന്യാസം സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി.

ഐടി വിഭാഗത്തിന്‍റെ മേധാവിയായ ബിജു മോൻ ടിയെ സ്ഥാനത്ത് നിന്ന് മാറ്റി പകരം താല്‍കാലിക ജീവനക്കാരിയെ നിയമിച്ചതിനെതിരെയാണ് ബോർഡ് ഓഫ് ഗവർണേഴ്സ് അംഗമായ അസീം റഷീദ് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയത്. എന്നാല്‍ പ്രമേയത്തിന് വൈസ് ചാന്‍സലര്‍ അവതരണാനുമതി നല്‍കാതിരുന്നതോടെ യോഗത്തില്‍ ബഹളമുയര്‍ന്നു. സർവകലാശാലാ സർവറിലെ വ്യക്തി വിവരങ്ങളുടെ അടക്കം സുരക്ഷിതത്വം സ്ഥിരം ഉദ്യോഗസ്ഥനിൽ നിന്ന് മാറ്റുന്നതിൽ രൂക്ഷമായ എതിർപ്പാണ് അംഗങ്ങൾ ഉയർത്തി. മാറ്റം സർവകലാശാലയുടെ നിലവിലെ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കാൻ ഇടയുള്ളതുകൊണ്ട് ഉത്തരവ് സസ്പെൻഡ് ചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ വി.സി തയ്യാറായില്ല.

ജീവനക്കാരുടെ സ്ഥലംമാറ്റം തന്‍റെ അധികാരപരിധിയിൽ പെട്ടതാണെന്നും അതിൽ ഇടപെടാൻ സിൻഡിക്കേറ്റിനോ ഗവേണിങ് ബോർഡിനോ അധികാരം ഇല്ലായെന്നും വൈസ് ചാന്‍സലര്‍ വാദിച്ചു. തുടര്‍ന്ന് വി സിയുടെ അനുമതിയില്ലാതെ അവതരിപ്പിച്ച പ്രമേയത്തെ മുഴുവൻ അംഗങ്ങളും പിന്തുണച്ചു. ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുന്നതില്‍ വൈസ് ചാൻസലർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ ഡോ. സതീഷ് കുമാർ, ജി.സഞ്ജീവ്, അസീം റഷീദ് എന്നിവരുൾപ്പെട്ട സമിതിയെയും യോഗം ചുമതലപ്പെടുത്തി.

എന്നാല്‍ തന്‍റെ വിയോജിപ്പോടെ എടുത്ത തീരുമാനം അംഗീകരിക്കില്ല എന്ന നിലപാടാണ് വി.സിയുടേത്. സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പ് പതിക്കുന്നതിന് ബോധപൂർവം കാലതാമസം വരുത്തി എന്ന് കാട്ടിയാണ് ബിജുമോനെ സ്ഥലം മാറ്റിയത്. അത് റദ്ദാക്കുന്നത് സര്‍വകലാശാല ചട്ടത്തിന് വിരുദ്ധമാണെന്നും ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറല്ല എന്നും വിസി വ്യക്തമാക്കി. തന്‍റെ അനുമതി ഇല്ലാതെ സിൻഡിക്കേറ്റും ഗവേണിങ് ബോർഡും എടുത്ത തീരുമാനം ചാന്‍സലറായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് വിസിയുടെ തീരുമാനം.



TAGS :

Next Story