Quantcast

വിമര്‍ശനങ്ങള്‍ക്കിടെ പൊലീസ് വാടകക്കെടുത്ത ഹെലികോപ്റ്റർ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു

ഹെലികോപ്റ്റർ നൽകിയ പവൻ ഹാൻസ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    9 Aug 2021 1:56 AM GMT

വിമര്‍ശനങ്ങള്‍ക്കിടെ പൊലീസ് വാടകക്കെടുത്ത ഹെലികോപ്റ്റർ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
X

സാമ്പത്തിക ധൂർത്തെന്ന വിമർശനങ്ങൾക്കിടെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ താൽക്കാലികമായി ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. ഹെലികോപ്റ്റർ നൽകിയ പവൻ ഹാൻസ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ആവശ്യം വരുന്ന ഘട്ടത്തിൽ വീണ്ടും ടെൻഡർ വിളിച്ച് ഹെലികോപ്റ്റര്‍ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സർക്കാരിനെ അറിയിച്ചു.

മാവോയിസ്റ്റ് വേട്ട, പ്രകൃതിദുരന്തങ്ങൾക്കിടയിലെ രക്ഷാപ്രവർത്തനം എന്നിവയിലടക്കം സഹായിക്കാനാണ് പൊലീസ് ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്. മാസം 1,44,60000 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകിയായിരുന്നു പവൻ ഹാൻസ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാർ. അധിക സാമ്പത്തിക ബാധ്യത തുടരുമ്പോൾ തന്നെ ഹെലികോപ്റ്റർ ഭൂരിഭാഗം സമയവും ഉപയോഗിക്കേണ്ടി വരുന്നില്ലാത്തത് കണക്കിലെടുത്താണ് ഉപേക്ഷിക്കുന്നത്. ജീവൻരക്ഷാ ദൗത്യവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയതും, മാവോയിസ്റ്റ് നിരീക്ഷണത്തിനായി ചുരുക്കം ഘട്ടങ്ങളിൽ ഉപയോഗിച്ചതുമല്ലാതെ ഹെലികോപ്റ്റർ സ്ഥിരമായി എടുത്തിരുന്നില്ല. ചില മാസങ്ങളിൽ ഉപയോഗിക്കാതെ തന്നെ വാടക നൽകേണ്ടിയും വന്നിരുന്നു.

ഇതുവരെ 25 കോടിയിലധികം രൂപയാണ് ഹെലികോപ്റ്റർ വാടക ഇനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത്. കരാർ പുതുക്കുമ്പോൾ വാടകയിൽ വർദ്ധനയ്ക്കും സാധ്യതയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹെലികോപ്റ്റർ കരാർ പുതുക്കേണ്ടതില്ലെന്ന് പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനെ അറിയിച്ചത്.

പുതിയ ടെണ്ടര്‍ വിളിച്ച് വാടക കുറഞ്ഞ ഹെലികോപ്ടറെടുക്കാമെന്നും കാണിച്ച് ആഭ്യന്തര വകുപ്പിന് ഡിജിപി കത്ത് നല്‍കി. ഒരു വര്‍ഷ കരാർ കാലാവധി തീര്‍ന്നതോടെ തിരുവനന്തപുരത്തുണ്ടായിരുന്ന AS 365 ഡൗഫിൻ എന്ന ഹെലികോപ്റ്റർ പവന്‍ ഹന്‍സ് കമ്പനി ഏപ്രിലിൽ തിരികെ കൊണ്ടുപോയിരുന്നു. നാല് മാസമായി പൊലീസിന് ഹെലികോപ്റ്ററില്ല.

TAGS :

Next Story