മുഖ്യമന്ത്രിയുടെ ചികിത്സക്കായി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി
ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്‍റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടത്
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചികിത്സക്കായി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നതെന്ന് ജോയിന്‍റ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ചികിത്സക്കായി 29,82,039 രൂപ അനുവദിക്കുന്നു എന്നതായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ആദ്യ ഉത്തരവ്. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നതെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ 30ന് മുഖ്യമന്ത്രി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം(അക്കൌണ്ട്സ്) വിഭാഗം പണം അനുവദിച്ചിരുന്നത്.
ജനുവരി പതിനഞ്ചിനാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്‍റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ദുബൈയിലെത്തിയ മുഖ്യമന്ത്രി ദുബൈ എക്സ്‌പോയിലെ കേരള പവലിയന്‍റെ ഉദ്ഘാടനം നിർവഹിക്കുകയും നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജനുവരി 29നാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയത്. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.
Adjust Story Font
16