Quantcast

അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുവദിച്ചത് ആറുമാസം

ഇതോടെ അന്വേഷണം ഇഴയുമെന്ന് ഉറപ്പായി

MediaOne Logo

Web Desk

  • Published:

    23 Sep 2024 6:47 AM GMT

ADGP MR Ajith kumar
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുവദിച്ചത് ആറുമാസത്തെ സമയം. ഇതോടെ അന്വേഷണം ഇഴയുമെന്ന് ഉറപ്പായി. വിവാദങ്ങൾക്കിടെ അജിത് കുമാറിനെതിരായ സാമ്പത്തികാരോപണങ്ങളിൽ വിജിലൻസ് ഇന്ന് പ്രാഥമികാന്വേഷണം തുടങ്ങും.

അജിത് കുമാറിനെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി നിർദേശിച്ചത്. എന്നാൽ അൻവറിന്‍റെ പരാതിയിലെ സാമ്പത്തികാരോപണങ്ങളിൽ വിജിലൻസ് നടത്തുന്ന അന്വേഷണത്തിന് ആ വേഗവും അടിയന്തര സ്വഭാവവുമില്ല. പ്രാഥമികാന്വേഷണം നടത്തി ആറു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിച്ചാൽ മതിയെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദേശം. എന്നാൽ ഇക്കാര്യം അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിലില്ല. എന്തന്വേഷണമാണ് നടക്കുകയെന്നുമില്ല.

എം.ആർ അജിത് കുമാർ, മുൻ മലപ്പുറം എസ്.പി സുജിത് ദാസ്, മലപ്പുറം ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർക്കെതിരെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അനധികൃത സ്വത്തുസമ്പാദനമടക്കം അഞ്ച് വിഷയങ്ങളിലാണ് അന്വേഷണം. കള്ളക്കടത്ത് സംഘങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വർണത്തിന്‍റെ ഒരു ഭാഗം അജിത് കുമാറും സുജിത് ദാസും തട്ടിയെടുക്കുന്നെന്ന പരാതിയും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണം ഉയർത്തുന്നത് സ്വർണക്കടത്തുകാരാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

മുഖ്യമന്ത്രി വരെ തള്ളിയ ആരോപണത്തിൽ മറിച്ചെന്തെങ്കിലും കണ്ടെത്തിയാലും വിജിലൻസിന് കേസെടുക്കാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇന്ന് പ്രാഥമിക അന്വേഷണം തുടങ്ങാനിരിക്കുകയാണ് വിജിലൻസ്. എസ്പി കെ.എൽ ജോൺകുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ മൊഴി എങ്ങനെയാണ് എസ്.പിക്ക് രേഖപ്പെടുത്താൻ കഴിയുകയെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്.

TAGS :

Next Story