Quantcast

സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: വീണ ജോർജ്

"മരണം നിർണയിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ചതല്ല"

MediaOne Logo

Web Desk

  • Published:

    1 July 2021 6:30 AM GMT

സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: വീണ ജോർജ്
X

തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോൾ ഓൺലൈൻ വഴിയാണ്. ആശുപത്രികളിൽ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

'മരണം നിർണയിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ചതല്ല. ഐസിഎംആർഎയും ഡബ്ല്യൂഎച്ച്ഒയുടെയും മാർഗനിർദേശപ്രകാരമാണ് മരണങ്ങൾ നിശ്ചയിക്കുന്നത്. ഇതിൽ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചാൽ അതു പരിഗണിക്കും. ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാർ നിലപാട്' - മന്ത്രി വ്യക്തമാക്കി.

'നഷ്ടപരിഹാരം കിട്ടേണ്ട വ്യക്തിഗത കേസുകൾ ഉണ്ടെങ്കിൽ അത് പരിഗണിക്കാവുന്നതാണ്. മരണപ്പെട്ടവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും ആലോചിക്കും. ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുത്. ഇതിനെ ഒന്നിച്ചാണ് നേരിടേണ്ടത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ വികേന്ദ്രീകരണ സംവിധാനം കൊണ്ടുവന്നത്' - അവർ ചൂണ്ടിക്കാട്ടി.

വിദേശത്തു വച്ച് മരിച്ച പ്രവാസികൾക്ക് നഷ്ടപരിഹാരം കിട്ടുമോ എന്ന ചോദ്യത്തിന് സർക്കാർ തലത്തിൽ ആലോചിക്കേണ്ടതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് പ്രതിപക്ഷം

അതിനിടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ മരണങ്ങളിൽ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വരുമ്പോഴും സംസ്ഥാനത്തെ മരണ കണക്കിൽ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 13235 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സയ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവരുണ്ട്. ഇവരിൽ പലരും പിന്നീട് മരിച്ചെങ്കിലും കോവിഡ് മരണമായി ഉൾപ്പെടുത്തുന്നില്ല. ഇത് നഷ്ടപരിഹാരം ലഭിക്കുന്നത് ഇല്ലാതാക്കാൻ ഇടയാക്കും.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നേരത്തെയുള്ള മരണങ്ങളിൽ പുനപ്പരിശോധന വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കോവിഡ് നെഗറ്റീവായതിന് ശേഷം മരണം സംഭവിച്ചു എന്നതിൻറെ പേരിൽ ഒരു കുടുംബത്തിനും നഷ്ടപരിഹാരം നിഷേധിക്കപ്പെടരുത്. ഐസിഎംആർ മാനദണ്ഡം കേരളം തെറ്റായി വ്യാഖ്യാനിച്ചെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഇന്നലെയാണ് ഉത്തരവിട്ടത്. നഷ്ടപരിഹാരം നൽകാൻ തടസ്സമുണ്ടെന്ന കേന്ദ്രസർക്കാർ വാദം കോടതി തള്ളി. നഷ്ടപരിഹാരം തീരുമാനിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ആറാഴ്ചക്കുള്ളിൽ പുറത്തിറക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കോവിഡ് അനുബന്ധ രോഗങ്ങൾ കാരണം മരിച്ചവരുടേതും കോവിഡ് മരണമായി കണക്കാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകണമെന്ന ഉത്തരവിന് പിന്നാലെയാണ് സുപ്രീംകോടതി കോവിഡ് മരണത്തിന് നഷ്ടപരിഹാരം നൽകണമെന്ന നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രകൃതി ദുരന്തങ്ങൾ. മാത്രമേ എൻഡിഎംഎ നിയമത്തിന്റെ പരിധിയിലുള്ളൂവെന്ന് കേന്ദ്രം വാദിച്ചു. രാജ്യത്ത് കോവിഡ് മരണ നിരക്ക് ഉയരുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടാത്ത സാഹചര്യവുമായതിനാൽ നേരിട്ട് സാമ്പത്തിക സഹായം നൽകാനാവില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. കോടതി ഈ വാദം തള്ളി. എന്നാൽ എത്ര തുക വീതം നഷ്ടപരിഹാരം നൽകണമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനം എടുക്കാം. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും അല്ലാത്ത പക്ഷം അത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാകുമെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് ബാധിച്ചുമരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ നടപടികൾ ലഘൂകരിച്ച്, മാർഗരേഖ പുറത്തിറക്കാനും കേന്ദ്രത്തോട് നിർദേശിച്ചു. മരണ കാരണവും മരണ ദിവസവും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം, മരണ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് എതിർപ്പുണ്ടെങ്കിൽ അക്കാര്യം സർക്കാർ പുനപ്പരിശോധിക്കണം, പരാതി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തി പിഴവുകൾ തിരുത്തി മരണ സർട്ടിഫിക്കറ്റ് വീണ്ടും നൽകണമെന്നും കോടതി വ്യക്തമാക്കി.

TAGS :
Next Story