മാലിന്യപ്രശ്നത്തിൽ നടപടികൾ കർശനമാക്കി സർക്കാർ; വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും
തിരുവനന്തപുരത്ത് പിടികൂടിയവർക്കെതിരെ മാതൃകാപരമായ ശിക്ഷ
തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ആരോടും കാട്ടില്ല, ഒരു സമ്മർദത്തിനും വഴങ്ങുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് വനിതാ ഹെൽത്ത് സ്ക്വാഡ് ആമയിഴിഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച ഒമ്പത് വാഹനം പിടികൂടി. കേരളാ മുൻസിപ്പാലിറ്റി നിയമം/കേരളാ പഞ്ചായത്തീരാജ് നിയമപ്രകാരം ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആറുമാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കവിയാത്തതുമായ തടവു ശിക്ഷയുള്ള ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ഇതിന് പുറമേ ജല സംരക്ഷണ നിയമം അനുസരിച്ചും നടപടി സ്വീകരിക്കാം.
ഈ നടപടികൾക്കായി പൊലീസിന് പരാതി നൽകാൻ നഗരസഭയ്ക്ക് മന്ത്രി നിർദേശം നൽകി. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ വിട്ടുകൊടുക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശം. രജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ആർ.ടി.ഒയ്ക്ക് കത്ത് നൽകും.
ആമയിഴിഞ്ചാൻതോട് ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടാൻ പല സ്ഥാപനങ്ങളും പൈപ്പ് സ്ഥാപിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കും. ഇതിന് പുറമേ ആമയിഴിഞ്ചാൻതോട്ടിൽ മാലിന്യം നിക്ഷേപിച്ച ഒമ്പത് പേരെ പിടികൂടുകയും ഇവർക്ക് 45,090 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അനധികൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നവരെയും നഗരസഭ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരക്കാർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് മന്ത്രി എം.ബി രാജേഷ് നിർദേശിച്ചു. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകി. സ്റ്റേഡിയം പരിസരത്ത് കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻ തോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവമായാണ് കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചത് അനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Adjust Story Font
16