'സർക്കാർ ഗവർണർക്ക് മുന്നിൽ വഴങ്ങരുത്'; ഗവർണർ പദവി വേണ്ടെന്ന് കാനം രാജേന്ദ്രൻ
ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ ഗവർണർ അതിരൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ ഗവർണർക്ക് മുന്നിൽ വഴങ്ങാൻ പാടില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭ പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഗവർണറെ തിരിച്ചുവിളിക്കണമെന്നല്ല ആലങ്കാരികമായി ഈ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സി പി ഐയ്ക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പേഴ്സണൽ സ്റ്റാഫിന്റെ നിയമന വിഷയത്തിൽ ഇടപെടാൻ ഗവർണർക്ക് യാതൊരു അധികാരവുമില്ല. അത് എക്സിക്യൂട്ടീവിന്റെ അധികാരപത്തിൽപ്പെട്ട കാര്യങ്ങളാണ്. ഗവർണർ മൂന്നാറിലെയും ലക്ഷദ്വീപിലെയും യാത്രക്ക് ചിലവഴിച്ച തുക പരിശോധിക്കണം. യാത്രയിലുൾപ്പെടെ ഗവർണർ ചെലവാക്കിയ പണത്തിന്റെ കണക്ക് ഞങ്ങൾ ചോദിച്ചില്ലല്ലോ. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാൽ ഇതിന്റെ വിവരങ്ങൾ ലഭിക്കുമെന്നും കാനം പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിൽ പാർട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്നാണ് ഗവർണർ ആരോപിച്ചത്. രാജ്ഭവനെ നിയന്ത്രിക്കാൻ മറ്റാർക്കും അധികാരമില്ല. രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് സർക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നുവെന്ന വിമർശനമാണ് ഇന്ന് ഗവർണർ ആവർത്തിച്ചത്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ എന്ന രീതിയെയാണ് താൻ ഏറ്റവുമധികം എതിർത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെന്നും ഗവർണർ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവർണർ പറഞ്ഞത്. തന്റെ നിലപാടുകൽ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവർണർ വ്യക്തമാക്കി.
Adjust Story Font
16