ഗവർണർ അനാഥനല്ല; മുഖ്യമന്ത്രി ഭീഷണി അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍
മുഖ്യമന്ത്രിയും ഓഫീസുമാണ് അധാർമ്മികമായ കാര്യങ്ങൾ ചെയ്യുന്നതെന്ന് സുരേന്ദ്രൻ
സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പ് വരുത്തുകയാണ് ഗവർണറെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഗവർണർ അനാഥനല്ല. മുഖ്യമന്ത്രിയും ഓഫീസുമാണ് അധാർമ്മികമായ കാര്യങ്ങൾ ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഗവർണറുടെ ചാൻസലർ പദവി മാറ്റും; എൽ.ഡി.എഫിൽ സജീവ ചർച്ച
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചാൻസലർ പദവി എടുത്തു മാറ്റുന്നതിൽ എൽ.ഡി.എഫിൽ സജീവ ചർച്ച. വി.സിമാരോട് രാജിയാവശ്യപ്പെട്ട് ഗവർണർ നടത്തിയ അസാധാരണ നീക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് ചാൻസലർ പദവി എടുത്തു കളയാനുള്ള ചർച്ച എൽ.ഡി.എഫിൽ നടക്കുന്നത്. ഗവർണറിൽ നിന്ന് ചാൻസലർ പദവി മാറ്റുന്നത് പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഗവർണറുടെ ചാൻസലർ പദവി എടുത്തു കളയേണ്ടി വരുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുന്നത്. അതേസമയം രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. വി.സിമാരുടെ ഹരജിയിൽ വൈകീട്ട് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി പരിഗണിക്കും. അവധി ദിവസമായിട്ടും വി.സിമാർ ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഗവർണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സിമാർ. 11.30 ന് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനവും വി.സിമാർ തള്ളി. ഇതുവരെ ഒരു സർവകലാശാല വി.സിമാരും രാജിവെച്ചില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ വി.സിമാരുടെ അടിയന്തര യോഗം ചേർന്നു. വി.സിമാർ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിനായി കേരള, കണ്ണൂർ, കാലിക്കറ്റ് മലയാളം സർവകലാശാലയിലെ വി.സിമാർ കൊച്ചിയിൽ എത്തി. ഇവരുടെ സ്റ്റാൻഡിങ് കൗൺസിലർമാരെല്ലാം കൊച്ചിയിലാണുള്ളത്.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.
Adjust Story Font
16