Quantcast

ഗവര്‍ണര്‍ നാളെ തലസ്ഥാനത്ത് തിരിച്ചെത്തും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

അതേസമയം കണ്ണൂര്‍ വി.സി നിയമനത്തിന് കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ഉടനെ ലോകായുക്തയെ സമീപിക്കും

MediaOne Logo

Web Desk

  • Updated:

    2021-12-16 00:59:42.0

Published:

16 Dec 2021 12:58 AM GMT

ഗവര്‍ണര്‍ നാളെ തലസ്ഥാനത്ത് തിരിച്ചെത്തും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും
X

സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയ ഗവര്‍ണര്‍ നാളെ തലസ്ഥാനത്ത് തിരിച്ചെത്തും. നാളെയോ മറ്റന്നാളോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ നേരിട്ട് കാണാനുള്ള സാധ്യതയുണ്ട്. അതേസമയം കണ്ണൂര്‍ വി.സി നിയമനത്തിന് കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ഉടനെ ലോകായുക്തയെ സമീപിക്കും.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി ഗവര്‍ണര്‍ കത്തയച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് സി.പി.എമ്മിന്‍റെ വിലയിരുത്തല്‍. എന്നാല്‍ ഗവര്‍ണറുമായി പരസ്യപ്പോരിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉത്തരേന്ത്യയിലുള്ള ഗവര്‍ണര്‍ നാളെ വൈകിട്ടോടെ തലസ്ഥാനത്ത് തിരിച്ചെത്തും.

ഗവര്‍ണറെ നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നത്. പിബി യോഗത്തിനായി ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടേക്കും. അതിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന്‍റെ രാജിയാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കണ്ണൂര്‍ വിസി നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയെങ്കിലും ലോകായുക്തയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നോ നാളെയോ ലോകായുക്തയില്‍ ഹരജി നല്‍കും. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി ആര്‍.ബിന്ദുവിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.



TAGS :

Next Story