എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദു:ഖാചരണം: തൃശ്ശൂരിലെ പുലികളിയില്‍ മാറ്റമുണ്ടാകില്ല
നാളെ തന്നെ പുലികളി നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചു
എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ദു:ഖാചരണം വേണമെന്ന കേന്ദ്ര നിർദേശം കണക്കിലെടുത്ത് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കുമെങ്കിലും തൃശ്ശൂരിൽ നാളെ തന്നെ പുലികളി നടത്തുമെന്ന് സംഘങ്ങൾ. പുലി വേഷം കെട്ടുന്നതിനുള്ള ചായങ്ങൾ അരക്കുന്ന ജോലി മിക്ക സംഘങ്ങളും തുടങ്ങിയപ്പോഴാണ് കേന്ദ്ര സർക്കാരിന്‍റെ ദുഖാചരണ അറിയിപ്പ് വരുന്നത്. അതിനാൽ പുലിക്കളി നടക്കുമോ എന്ന ആശങ്കയിലായിരുന്നു ആദ്യം പുലിക്കളി സംഘങ്ങൾ. അതെ സമയം നാളെ തന്നെ പുലികളി നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചു. തീരുമാനമെടുക്കാൻ സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിർദേശിച്ചു.
പുലിവേഷം കെട്ടുന്നതിനായി നൽകിയ മുൻകൂർ തുക അടക്കം നൽകി കഴിഞ്ഞ സാഹചര്യത്തിൽ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ തീരുമാനിച്ചു. ഔദ്യോഗിക പരിപാടി നടത്താൻ പാടില്ലാത്തതിനാൽ നാളെ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരും. നാളെ പുലർച്ചെ 5 മണി മുതൽ പുലികളുടെ ശരീരത്തിൽ ചായമടിച്ച് തുടങ്ങും.
Adjust Story Font
16