'എതിരാളികൾ ആയുധമാക്കും'; കെ.സുധാകരന്റെ പ്രസ്താവനകളിൽ ഹൈക്കമാൻഡിന് അതൃപ്തി
പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും.
ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ആർ.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ ഹൈക്കമാൻഡിന് അതൃപ്തി. പ്രസ്താവനകൾ എതിരാളികൾ ആയുധമാക്കും എന്നാണ് വിലയിരുത്തൽ. ഘടകക്ഷി നേതാക്കളും ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന. കെ.പി.സി.സി അധ്യക്ഷൻ തന്നെ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ദേശീയ തലത്തിൽ തന്നെ തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.
പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും. അതേസമയം സുധാകരന്റെ വിവാദ പ്രസ്താവനകളിൽ ഹൈക്കമാൻഡ് ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സുധാകരന്റെ പ്രസ്താവനയിൽ മുസ്‌ലിം ലീഗ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു.
ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണമൊരുക്കാൻ താൻ ആളെ വിട്ടിരുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് എം.വി.ആർ അനുസ്മരണത്തിൽ സുധാകരൻ പറഞ്ഞത്. ഇന്നലെ ജവഹർ ലാൽ നെഹ്‌റു ശ്യാമപ്രസാദ് മുഖർജിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് അടക്കം ഉന്നയിച്ച് ഇത് ന്യായീകരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായത്.
Adjust Story Font
16