'ശിക്ഷാവിധി നടപ്പിലാക്കുന്നത് നിർത്തി വെക്കണം'; ലക്ഷദ്വീപ് മുൻ എം.പിയുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന മുൻ എം പി മുഹമ്മദ് ഫൈസലിന്‍റെ ഹരജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും
കൊച്ചി: വധശ്രമകേസിൽ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിർത്തി വെക്കണമെന്ന ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്‍റെ ആവശ്യത്തിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്പെൻഡ് ചെയ്യണമെന്ന് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.
അതിനിടെ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന മുൻ എം പി മുഹമ്മദ് ഫൈസലിന്‍റെ ഹരജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റേതാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ താൻ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെ തിരക്കിട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സീനിയർ അഭിഭാഷകനായ കപിൽ സിബൽ, അഭിഭാഷകനായ കെ.ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലിനെ 10 വർഷം തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിരുന്നു. ഇന്നലെ ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ കൂടെയാണ് ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്.
Adjust Story Font
16