എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമിച്ച പാർപ്പിട സമുച്ചയം കാട് കയറി നശിക്കുന്നു
ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് കഴിയാതെ വന്നതാണ് ദുരവസ്ഥക്ക് കാരണം
കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സന്നദ്ധസംഘടന നിർമിച്ചു നൽകിയ പാർപ്പിട സമുച്ചയം കാട് കയറി നശിക്കുന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റ് മൂന്ന് വർഷം മുൻപ് പണി പൂർത്തികരിച്ച് സർക്കാറിന് കൈമാറിയ വീടുകളാണ് നശിക്കുന്നത്.
ഇതുവരെയായി ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് കഴിയാതെ വന്നതാണ് ദുരവസ്ഥക്ക് കാരണം. സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്തായിരുന്നു സത്യ സായി ട്രസ്റ്റ് പാർപ്പിട സമുച്ചയം പണിതത്.ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ ധന സഹായത്തോടെ നിർമ്മിച്ചത് 36 വീടുകൾ . നിർമ്മാണം പൂർത്തിയാക്കി 2019ൽ ട്രസ്റ്റ് മുഴുവൻ വീടുകളും സർക്കാരിന് കൈമാറി. എന്നാൽ വർഷം നാല് കഴിഞ്ഞിട്ടും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ കൈമാറാൻ ജില്ലാ ഭരണ കൂടത്തിന് കഴിഞ്ഞിട്ടില്ല.
രണ്ടര കോടി രൂപ ചെലവിട്ടായിരുന്നു ട്രസ്റ്റ് പാർപ്പിട സമുച്ചയം നിർമ്മിച്ചത്. മൂന്ന് വർഷത്തിലധികം ഉപയോഗിക്കാതെ കിടന്നത് മൂലമുണ്ടായ കേടുപാടുകൾ തീർക്കാൻ 25 ലക്ഷം രൂപ കൂടി ഇവർ വീണ്ടും മുടക്കി. ഒക്ടോബർ 15 നകം വീടുകൾ ദുരിത ബാധിതർക്ക് നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ ആ സമയ പരിധി ഇന്ന് അവസാനിക്കുമ്പോഴും കാര്യങ്ങൾക്ക് ഒരു തീരുമാനവുമായിട്ടില്ല.
എൻഡോ സൾഫാൻ ദുരിത ബാധിതരുടെ കാര്യത്തിൽ പ്രഖ്യാപനങ്ങൾ പലതുമുണ്ടായി. ഒന്നും നടപ്പിലായില്ല. എന്നാൽ സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ നിർമ്മിച്ച വീടുകൾ അർഹരായവർക്ക് കൈമാറാൻ പോലും കഴിഞ്ഞില്ലങ്കിൽ അതിന്റെ കാരണം വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് ബാധ്യതയുണ്ട്.
Adjust Story Font
16