വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞു- പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി, പ്രതികൾക്കായി തിരച്ചിൽ തുടരുന്നു
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ കൊന്നു കുഴിച്ചു മൂടിയ വയോധികയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തും കൈയ്യും എന്നിവയും ഒടിഞ്ഞതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇടത് കൈ ഒടിച്ചു പിന്നിലെക്ക് വലിച്ചു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റുമോർട്ടം നടപടികൾ സങ്കീർണമായിരുന്നു. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.
കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) യാണ് കൊന്ന് കുഴിച്ചു മൂടിയത്. ഇവരുടെ മൃതദേഹം ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് താമസിച്ചിരുന്ന മാത്യൂസ്, ഭാര്യ ശർമിള എന്നിവരെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഇരുവരും ഒളിവിലാണ്. സുഭദ്രക്ക് ഇവരുമായി അടുപ്പമുണ്ടായിരുന്നു. ഈ വീട്ടിൽ സുഭദ്ര താമസിച്ചിരുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കഡാവർ നായയെ കൊണ്ട് പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് ഇന്നലെ കുഴി തുറന്ന് പരിശോധിച്ചത്.
സുഭദ്രയുടെ സ്വർണം മാത്യൂസും ശർമിളയും കൈക്കലാക്കിയിരുന്നെന്നും അതേകുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. ഇവർക്കായി അന്വേഷണസംഘം ഉഡുപ്പിയിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല എന്നാണ് വിവരം.
Adjust Story Font
16