ഗ്യാസ് ഏജൻസി നടത്തുന്ന യുവതിയെ സി.ഐ.ടി.യു പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവം; വ്യവസായ മന്ത്രിക്ക് റിപ്പോർട്ട് നൽകും
വൈപ്പിനിൽ ഗ്യാസ് ഏജൻസി നടത്തുന്ന സംരംഭകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തൊഴിലാളി സംഘടയ്ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ
കൊച്ചി: എറണാകുളം വൈപ്പിനിൽ ഗ്യാസ് ഏജൻസി നടത്തുന്ന യുവതിയെ സി.ഐ.ടി.യു പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജില്ലാ വ്യവസായ ഓഫീസർ വ്യവസായ മന്ത്രിക്ക് റിപ്പോർട്ട് നൽകും. പിരിച്ചുവിടൽ അടക്കമുള്ള പ്രശ്നങ്ങൾ ജില്ലാ ലേബർ ഓഫീസറെ തൊഴിലാളി സംഘടന രേഖാമൂലം അറിയിച്ചില്ലെന്നാണ് സൂചന. ഇത് ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസർ സംസ്ഥാന ലേബർ കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
വൈപ്പിനിൽ ഗ്യാസ് ഏജൻസി നടത്തുന്ന സംരംഭകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തൊഴിലാളി സംഘടയ്ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ , ലേബർ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. വിഷയത്തെ നിയമപരമായി അല്ല സി.ഐ.ടി.യു കൈകാര്യം ചെയ്തത് എന്നും, തൊഴിൽ ഉടമയെ കുറിച്ച് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ജില്ലാ ലേബർ ഓഫീസ് നൽകുന്ന വിവരം. അതേ സമയം ഏജൻസി ഉടമയുടെ പരാതിയിൽ കേസെടുത്ത മുനമ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. മുനമ്പം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഏജൻസി ഉടമയുടെ ഓഫീസിലും ഗോ ടൗണിലും എത്തി മൊഴി എടുത്തു. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്ലാന്‍റ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സംരഭക ഹൈക്കോടതിയെ സമീപിച്ചു.
പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയടക്കം ഏഴുപേർക്കെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം ചോദ്യം ചെയ്യും. യൂണിയൻ ആരംഭിച്ചതിലുള്ള വൈരാഗ്യമാണ് ഉടമയുടെ പരാതിക്ക് പിന്നിലെന്നാണ് പിരിച്ചു വിട്ട തൊഴിലാളികൾ വാദിക്കുന്നത്. ഭീഷണിയെ തുടർന്ന് ഗ്യാസ് ഏജൻസി 5 ദിവസമായി വാഹനങ്ങളിൽ സിലിണ്ടർ എത്തിക്കുന്നില്ല. ഇതേ തുടർന്ന് ഏജൻസിയിൽ നേരിട്ട് എത്തിയാണ് പലരും സിലിണ്ടർ നിറയ്ക്കുന്നത്.
Adjust Story Font
16