ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന ബി.ജെ.പിയിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ
മൂന്ന് ഏജൻസികൾ നൽകുന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം നൽകുന്ന നിർദേശങ്ങൾ നടപ്പാക്കുകയാണ് കെ.സുരേന്ദ്രന്റെ ജോലി.
K Surendran
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ. സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയും കാര്യക്ഷമതയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നേരിട്ട് ഇടപെടാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും സഹപ്രഭാരി ഡോ.രാധ മോഹൻ അഗർവാളും പതിവിലും കൂടുതൽ സമയം കേരളത്തിൽ ചെലവഴിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ബി.ജെ.പിയുടെ കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളൊന്നും സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തയ്യാറാക്കിയതല്ല. മൂന്ന് ഏജൻസികൾ നൽകുന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ നേതൃത്വം നൽകുന്ന നിർദേശങ്ങൾ നടപ്പാക്കുകയാണ് കെ.സുരേന്ദ്രന്റെ ജോലി. സി.പി.എമ്മിന്റെ ശക്തി സ്രോതസ്സുകളെ കുറിച്ച് കൂടി പഠിച്ച ശേഷമാണ് നിർദേശങ്ങളെല്ലാം തയ്യാറാക്കിയിട്ടുള്ളത്.
ആറു മാസത്തിനകം മൂന്ന് വ്യത്യസ്ത സമ്മേളനങ്ങൾ വിളിച്ച് കൂട്ടാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സംസ്ഥാന തല സമ്മേളനം, സൈനിക കുടുംബങ്ങളിൽനിന്നുള്ളവരുടെ സംഗമം, സമൂഹമാധ്യമങ്ങളിൽ പോരാട്ടം നടത്താനായി ഒരു ലക്ഷം യുവാക്കളുടെ സമ്മേളനം എന്നിവയാണ് സംഘടിപ്പിക്കുന്നത്. യുവാക്കളുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പങ്കെടുക്കും.
ബൂത്ത് കമ്മിറ്റികളെല്ലാം ഡൽഹിയിൽനിന്ന് തന്നെ നിരീക്ഷിക്കാവുന്ന വിധം ആപ്പിൽ ബന്ധിതമാണ്. നേതാക്കളുടെ പ്രവർത്തനങ്ങളും ആപ്പ് വഴി നിരീക്ഷിക്കപ്പെടുന്നുണ്ട്. അവസാനം നടന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് സംസ്ഥാനത്തെ 5600 ബൂത്തുകളിലാണ് തത്സമയം പ്രദർശിപ്പിച്ചതെന്നാണ് ആപ്പ് നൽകിയ കണക്ക്. 22,000 ബൂത്തുകളുള്ള സംസ്ഥാനത്ത് നാലിൽ ഒരു ബൂത്തിൽ മാത്രമാണ് പ്രദർശനം നടന്നത്.
ബി.ജെ.പി പ്രതീക്ഷവെക്കുന്ന ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ മൂന്നാം റൗണ്ടിലാണ്. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എല്ലാ ദിവസവും ഓരോ ബൂത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ബൂത്ത് തലത്തിൽ നടത്തിയ ഫണ്ട് പിരിവ് പൂർത്തിയായപ്പോൾ 13 കോടി രൂപ ലഭിച്ചു. മണ്ഡലം പദയാത്രകൾ തുടരുകയാണെങ്കിലും വിഭാഗീയത മൂലം മുതിർന്ന നേതാക്കൾ പോലും നിസ്സഹകരിക്കുകയാണ്.
Adjust Story Font
16