ഇരട്ട വോട്ട് 400 മാത്രം, 1.72 ലക്ഷമില്ല; ആറ്റിങ്ങലിലെ പരിശോധന പൂർത്തിയായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
1.72 ലക്ഷം ഇരട്ട വോട്ട് ഉണ്ടെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് ആരോപണത്തിൽ പരിശോധന പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 400 നടുത്ത് ഇരട്ട് വോട്ട് മാത്രമാണ് കണ്ടെത്താനായതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ കണ്ടെത്തിയവ തന്നെ ഇരട്ട വോട്ടുകളാണെന്ന് പറയാനാകില്ലെന്നും മുമ്പ് മരിച്ചവരുടെയും ആറ്റിങ്ങലിൽനിന്ന് പുറത്തുപോയി താമസിക്കുന്നവരുടെയും പേരുകളാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
1.72 ലക്ഷം ഇരട്ട വോട്ട് ഉണ്ടെന്നായിരുന്നു സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കപ്പെട്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ തവണ 1,14,000 കള്ളവോട്ടുകൾ ചേർക്കപ്പെട്ടു. അതുകൊണ്ടുതന്നെ അന്ന് 58,000 പേർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ചേർക്കപ്പെട്ട കള്ളവോട്ടുകളുടെ എണ്ണം 1,72,000 ആണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലടക്കം പരാതി നൽകിയെന്നുമായിരുന്നു അടൂർ പ്രകാശ് പറഞ്ഞിരുന്നത്.
അതേസമയം, വോട്ടെടുപ്പ് വെള്ളിയാഴ്ചയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച പരാതികളുടെ പകർപ്പുകൾ മാത്രമാണ് ലഭിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Adjust Story Font
16