സിദ്ദിഖിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം
സിദ്ദിഖിനെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസ വാദ ഹരജി നൽകി
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തള്ളി ഒരു ദിവസത്തിനിപ്പുറവും നടൻ സിദ്ദീഖിനെ കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണസംഘം. കാക്കനാട് പടമുകൾ, ആലുവ കുട്ടമശ്ശേരി എന്നിവിടങ്ങളിലെ വീടുകളിൽ സിദ്ദിഖ് ഉള്ളതായി വിവരമില്ല. പ്രത്യേക അന്വേഷണസംഘം സിദ്ദിഖിന് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ വിധി വന്നശേഷം ഓഫ് ആയിരുന്ന സിദ്ദീഖിന്റെ മൊബൈൽ ഫോൺ ഇന്ന് ഒരുതവണ ഓണായെങ്കിലും പിന്നീട് വീണ്ടും സ്വിച്ച്ഓഫ് ആയി.
സുപ്രീംകോടതിയെ സമീപിച്ചാൽ ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിൽ മുതിർന്ന അഭിഭാഷകരുമായി തിരക്കിട്ട കൂടിയാലോചനകളും സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘത്തിന് പുറമേ കൊച്ചി സിറ്റി പോലീസും എറണാകുളം റൂറൽ പോലീസും സ്പെഷ്യൽ ബ്രാഞ്ചും സിദ്ദിഖിനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതായാണ് വിവരം. കുട്ടമശേരിയിലെ വീടിനു മുന്നിൽ ഇന്ന് പോലീസെത്തി വിവരം ശേഖരിച്ചിരുന്നു.
അതേസമയം സിദ്ദീഖിനെതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസ വാദ ഹരജി നൽകി. സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് നടപടി. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഇരുകൂട്ടരും സമർപ്പിച്ച ഹരജിയിലെ ആവശ്യം.
Adjust Story Font
16