'കൂറുമാറാൻ ദിലീപ് സാക്ഷികൾക്ക് പണം നൽകി': ബാലചന്ദ്രകുമാർ
ദിലീപിനും ബന്ധുക്കൾക്കും എതിരെ ശബ്ദരേഖകളടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി ബാലചന്ദ്രകുമാർ പറഞ്ഞു
നടിയെ ആക്രമിച്ച കേസിലെ സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുക്കൽ. ദിലീപിനും ബന്ധുക്കൾക്കും എതിരെ ശബ്ദരേഖകളടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദിലീപ് സാക്ഷികൾക്ക് പണം നൽകി കൂറുമാറാൻ പ്രേരിപ്പിച്ചുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാൻ ഒരു പ്രയാസവുമില്ല. തന്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ട്. പൊലീസിന്റെ ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന് പറയുന്നവർ തെളിവ് പുറത്തുവിടട്ടെ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതല്ല. വെളിപ്പെടുത്തലിന് ശേഷം തനിക്ക് നേരെ ഭീഷണി ഉണ്ടായി. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദിലീപുമായുള്ളത് സംവിധായകൻ എന്ന നിലയിലുള്ള സാമ്പത്തിക ബന്ധം മാത്രം. രാഷ്ട്രീയകാരനുമായി അടുത്ത ബന്ധമുള്ള ആളാണ് കേസിലെ ആ വിഐപി. തന്റെ സാന്നിധ്യത്തിലാണ് ആ വിഐപി മന്ത്രിയെ വിളിച്ചതെന്നും ബലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘം എഫ്ഐആർ സമർപ്പിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നൽകിയത്. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താൻ ഗൂഡാലോചന നടന്നുവെന്നാണ് എഫ്‌ഐആറിലെ കണ്ടെത്തൽ.
Adjust Story Font
16