Quantcast

കാലടി പാലം ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്ന

MediaOne Logo

Web Desk

  • Published:

    13 Dec 2021 2:30 AM GMT

കാലടി പാലം ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും
X

കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിനെ തുടര്‍ന്ന് എം.സി റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ തിരുവൈരാണിക്കുളം പാലം കടന്ന് പോകണം.

ഇതിന്‍റെ ഭാഗമായി കാലടി - മലയാറ്റൂർ റോഡിലെയും മലയാറ്റൂർ - കുറിച്ചിലക്കോട് റോഡിലെയും കുഴികൾ അടച്ചു. പാലം അടയ്ക്കുമ്പോൾ അങ്കമാലി- പെരുമ്പാവൂർ റൂട്ടിലെ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചു വിടുന്നത്. മലയാറ്റൂർ പള്ളുപ്പെട്ട പാലത്തിനു സമീപമുള്ള കുഴികളും അടച്ചു. ചെങ്കൽ - ചൊവ്വര റോഡ്, വല്ലം- പനങ്കുഴി റോഡ് എന്നീ റോഡുകളിലും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

കാലടി പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബർ 13 മുതൽ 18ാം തിയതി വരെയാണ് കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിക്കുന്നത്. ഈ സാഹചര്യത്തിൽ വഴിതിരിച്ചു വിടുന്ന റോഡുകളിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. 19ാം തിയതി മുതൽ 21-ാം തിയതി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നിരോധന കാലയളവിൽ ബദൽ റോഡുകളിലൂടെയായിരിക്കും ഗതാഗതം അനുവദിക്കുക.

വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള ബദൽ യാത്രാ മാർഗങ്ങൾ ഇവയാണ്. അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്. അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ വന്ന് മഹിളാലയം - തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.

എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.

TAGS :

Next Story