ദി കേരള സ്റ്റോറി: സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും ഹൈക്കോടതിയിൽ
ചിത്രത്തിന്റെ ടീസറും ട്രെയിലറും സാമുദായിക സ്പർധ വളർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്യാം സുന്ദറാണ് ഹരജി നൽകിയത്
എറണാകുളം: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ ടീസറും ട്രെയിലറും സാമുദായിക സ്പർധ വളർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്യാം സുന്ദറാണ് ഹരജി നൽകിയത്. സിനിമയ്ക്ക് നൽകിയ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചിത്രത്തിന് സിബിഎഫ്‌സി സർട്ടിഫിക്കേഷൻ നൽകിയത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. സെൻസർ ബോർഡ് ആണ് സിനിമ പുറത്തിറക്കാൻ അനുവാദം നൽകിയത്. കേരള ഹൈക്കോടതി റിലീസ് സ്റ്റേ ചെയ്യാൻ തയ്യാറായില്ല. ഹരജി പരിഗണിക്കില്ലെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയുടെ ആവശ്യം തള്ളിയത്.
റിലീസാകുന്ന തീയതിക്ക് മുൻപ് അടിയന്തര വാദം കേൾക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് വാദം കേൾക്കാൻ ഒരു ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ, ബെഞ്ച് രൂപീകരിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചതായി ഹുസേഫ അഹമ്മദി സുപ്രിംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി വേനൽക്കാല അവധിയിലാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും സുപ്രിംകോടതി ഇത് തള്ളുകയായിരുന്നു. സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കേഷൻ കണക്കിലെടുത്ത് സിനിമയുടെ ഇടക്കാല സ്റ്റേ നിരസിക്കാൻ ഹൈക്കോടതി മെയ് 2 ന് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സിനിമ എങ്ങനെയുള്ളതാണെന്ന് റിലീസിന് ശേഷം പ്രേക്ഷകർ വിലയിരുത്തുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
'ദി കേരള സ്റ്റോറി'ക്കെതിരായ ഹരജികൾ ഉടൻ തന്നെ പരിഗണിക്കണമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.തുടർന്ന് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തെങ്കിലും അവധിക്കാല ജഡ്ജി ഹരജി പരിഗണിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.
Adjust Story Font
16