Quantcast

സംഘടനയുടെ ദയനീയ സ്ഥിതി കണ്ട് ഞെട്ടി കെ.എസ്.യു നേതൃത്വം; നാലിലൊന്ന് കോളജുകളില്‍ പോലും യൂണിറ്റില്ല, ക്യാമ്പസ് യൂണിയനുകള്‍ കേവലം 43!

സംഘടന കെട്ടിപ്പടുക്കാനുള്ള ഹിമാലയന്‍ ദൗത്യമാണ് അലോഷ്യസ് സേവ്യരും മുഹമ്മദ് ഷമ്മാസും അടങ്ങുന്ന പുതിയ കമ്മിറ്റിക്കുള്ളത്

MediaOne Logo

എം.കെ ഷുക്കൂര്‍

  • Updated:

    2022-12-31 15:43:47.0

Published:

31 Dec 2022 12:52 PM GMT

സംഘടനയുടെ ദയനീയ സ്ഥിതി കണ്ട് ഞെട്ടി കെ.എസ്.യു നേതൃത്വം; നാലിലൊന്ന് കോളജുകളില്‍ പോലും യൂണിറ്റില്ല, ക്യാമ്പസ് യൂണിയനുകള്‍ കേവലം 43!
X

കൊച്ചി: ജില്ലാ തലത്തിലുള്ള നേതൃമാറ്റങ്ങള്‍ക്ക് മുന്നോടിയായി സംഘടനയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. രണ്ടായിരത്തിലധികം കോളജുകളുള്ള സംസ്ഥാനത്ത് നാലിലൊന്ന് ക്യാമ്പസുകളില്‍ പോലും കെ.എസ്.യുവിന് യൂണിറ്റ് കമ്മിറ്റികളില്ല. ആകെയുള്ളത് 442 യൂണിറ്റുകള്‍. 140 ബ്ലോക്ക് പ്രസിഡണ്ടുമാരില്‍ പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നവര്‍ പകുതി മാത്രം. അന്വേഷണം നടത്തിയ സംസ്ഥാന നേതൃത്വത്തിന് 84 ബ്ലോക്ക് പ്രസിഡണ്ടുമാരെ മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ളവര്‍ ആരോടും പറയാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയി. കെ.എസ്.യു ജില്ലാ പ്രസിഡണ്ടുമാര്‍ക്കോ ഡി.സി.സികള്‍ക്കോ ഇതു സംബന്ധിച്ച ഒരു വിവരവുമില്ല. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്ന തൃശൂരില്‍ കെ.എസ്.യുവിനെ എവിടെയും കാണാത്ത സ്ഥിതിയാണ്. 30 യൂണിറ്റുകളാണ് രേഖയിലുള്ളതെങ്കില്‍ 18 യൂണിറ്റുകളെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 73 യൂണിറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയാണ് ഭേദപ്പെട്ട സ്ഥിതിയിലുള്ളത്. അലോഷ്യസ് സേവ്യര്‍ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായി മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനും ചുമതലയേറ്റത് രണ്ട് മാസം മുന്‍പാണ്. സംഘടന കെട്ടിപ്പടുക്കാനുള്ള ഹിമാലയന്‍ ദൗത്യമാണ് പുതിയ കമ്മിറ്റിക്കുള്ളത്.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം 2017ലാണ് കെ.എം അഭിജിത്ത് സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റത്. 14 ജില്ലാ പ്രസിഡണ്ടുമാരെയും നിശ്ചയിച്ചു. 11 ജില്ലാ പ്രസിണ്ടുമാര്‍ എ ഗ്രൂപ്പിനായിരുന്നു. ഗ്രൂപ്പു തര്‍ക്കം മൂലം ബ്ലോക്ക് പ്രസിഡണ്ടുമാരെയും ഭാരവാഹികളെയും തീരുമാനിക്കാന്‍ രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2019ലാണ് 140 ബ്ലോക്ക് പ്രസിഡണ്ടുമാരെ വെച്ചത്. ഗ്രൂപ്പ് തര്‍ക്കം മൂലം ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കാനായില്ല.

ചുമതലയേറ്റ പല പ്രസിഡണ്ടുമാര്‍ക്കും ഗ്രൂപ്പ് പാര മൂലം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നു. ഫലത്തില്‍ ഉള്ള യൂണിറ്റുകള്‍ പോലും നിശ്ചലമാകുന്ന സ്ഥിതിയുണ്ടായി. ക്യാമ്പസുകളില്‍ ഏറെക്കുറെ കെ.എസ്.യു അപ്രത്യക്ഷമായത് ഈ കാലയളവിലാണ്.

കോളജ് യൂണിയനുകള്‍ കിട്ടാക്കനി

ഈ വര്‍ഷത്തെ ക്യാമ്പസ് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ സംഘടനയുടെ ദയനീയ സ്ഥിതി അലോഷ്യസ് സേവ്യര്‍ പ്രസിഡണ്ടായ കെ.എസ്.യു സംസ്ഥാന കമ്മിറ്റിക്ക് ഒന്ന് കൂടി ബോധ്യമായി. ഷാഫി പറമ്പില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയില്‍‍ ഒരു ക്യാമ്പസില്‍ പോലും കെ.എസ്.യുവിന് കോളജ് യൂണിയന്‍‍ ലഭിച്ചില്ല. തൃശൂര്‍ അടക്കം ആറു ജില്ലകളില്‍ ഒരു കോളജ് യൂണിയന്‍ മാത്രമാണുള്ളത്. 15 കോളജ് യൂണിയനുകളുള്ള എറണാകുളമാണ് മുന്നില്‍.

കെ.എസ്.യുവിന് ലഭിച്ച കോളജ് യൂനിയനുകള്‍ (ജില്ല തിരിച്ച് )

  • തിരുവനന്തപുരം- 3
  • കൊല്ലം- 2
  • പത്തനംതിട്ട- 1
  • ആലപ്പുഴ- 2
  • കോട്ടയം- 1
  • എറണാകുളം- 15
  • ഇടുക്കി- 4
  • തൃശൂര്‍- 1
  • പാലക്കാട്- 0
  • മലപ്പുറം- 1
  • വയനാട്- 2
  • കോഴിക്കോട്- 1
  • കണ്ണൂര്‍- 9
  • കാസര്‍ഗോഡ്- 1
  • ആകെ- 43

യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ ( ജില്ല തിരിച്ച് )

  • തിരുവനന്തപുരം - 5
  • കൊല്ലം 3
  • പത്തനംതിട്ട 1
  • ആലപ്പുഴ 5
  • കോട്ടയം 2
  • ഇടുക്കി 8
  • തൃശൂര്‍- 6
  • പാലക്കാട്- 4
  • മലപ്പുറം- 11
  • വയനാട്- 4
  • കാസര്‍ഗോഡ്- 4
  • കണ്ണൂർ- 11
  • കോഴിക്കോട്- 11
  • എറണാകുളം- 29
  • ആകെ- 104

കെ.എസ്.യു, എം.എസ്.എഫിനും പിന്നില്‍

സംസ്ഥാനത്ത് കെ.എസ്.യുവിന് ആകെയുള്ളത് 43 കോളജ് യൂണിയനുകളാണ്. മുസ്‍ലിം ലീഗിന്‍റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന് ഇരുനൂറിനടുത്ത് യൂണിയനുകളുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാത്രം എം.എസ്.എഫിന് 162 കോളജുകളില്‍ യൂണിയന്‍ പിടിക്കാനായി. കണ്ണൂരില്‍ 32 ക്യാമ്പസിലും യൂണിയന്‍ പിടിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അഞ്ച് ക്യാമ്പസുകളിലും കേരള സര്‍വകലാശാലക്ക് കീഴില്‍ രണ്ട് ക്യാമ്പസുകളിലും എം.എസ്.എഫിന് യൂണിയന്‍ ലഭിച്ചു.

എസ്.എഫ്.ഐ ബഹുദൂരം മുന്നില്‍

കേരള, കാലിക്കറ്റ്, കണ്ണൂര്‍, എം.ജി സര്‍വകലാശാലകളിലായി 436 കോളജ് യൂണിയനുകളാണ് എസ്.എഫ്.ഐക്ക് ലഭിച്ചത്. കേരളയില്‍ 65ഉം എം.ജിയില്‍ 116ഉം കാലിക്കറ്റില്‍ 131ഉം കണ്ണൂരില്‍ 67ഉം കോളജ് ക്യാമ്പസുകളിലാണ് എസ്.എഫ്.ഐ വിജയിച്ചത്. കെ.എസ്.യുവുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത ഉയരത്തിലാണ് എസ്.എഫ്.ഐയുള്ളത്.

TAGS :

Next Story