ലക്ഷദ്വീപ് സന്ദര്‍ശനം; ഇടത് എം.പിമാരുടെ അപേക്ഷ തള്ളി ദ്വീപ് ഭരണകൂടം
ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് അപേക്ഷ തള്ളിയതെന്നാണ് വിശദീകരണം.
ലക്ഷദ്വീപ് സന്ദർശനാനുമതിക്കായി ഇടത് എം.പി മാർ സമർപ്പിച്ച അപേക്ഷ ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ തള്ളി. എളമരം കരിം, എ.എം ആരിഫ് ഉൾപ്പെടെ എട്ട് ഇടത് എം.പിമാർ നൽകിയ അപേക്ഷയാണ് തള്ളിയത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് അപേക്ഷ തള്ളിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കുന്നത്.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ടാണ് എം.പിമാര്‍ ദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങിയത്. എന്നാല്‍, എം.പിമാരെത്തുമ്പോള്‍ ആളുകള്‍ കൂട്ടംകൂടുമെന്നും ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് കാരണമാകുമെന്നും അനുമതി നിഷേധിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്‍റെ ഉത്തരവില്‍ പറയുന്നു. അതേസമയം, എം.പിമാര്‍ സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പത്തു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
എം.പിമാരായ ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ എന്നിവര്‍ സന്ദര്‍ശനത്തിനായി സമര്‍പ്പിച്ച അപേക്ഷയും ദ്വീപ് ഭരണകൂടം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇവരുടെ സന്ദർശനം രാഷ്ട്രീയപ്രേരിതവും ഭരണകൂടത്തിനെതിരെ പ്രക്ഷോഭം സൃഷ്ടിക്കാനുമാണെന്നും സന്ദർശനാനുമതി നൽകിയാൽ ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് എംപിമാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Adjust Story Font
16